ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധിരാജിനെ കുത്തിക്കൊന്ന യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയും സംഘവും എത്തിയത് കൂട്ടക്കുരുതി ലക്ഷ്യമിട്ട്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഉണ്ടായ നിസാരമായ വാക്കുതർക്കത്തിന്റെ പേരിലാണ് ധീരജ് അടക്കമുള്ളവരെ കൊലപ്പെടുത്താൻ പുറത്തുനിന്നും യൂത്ത് കോൺഗ്രസുകാർ എത്തിയത്. ഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോഴാണ് എസ്എഫ്ഐ പ്രവർത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിച്ചത്. കോളേജിന്റെ പുറത്തുള്ള വളപ്പിൽ കാത്തുനിന്ന അക്രമികൾ വിദ്യാർത്ഥികളെ കൊലപ്പെടുത്താൻ നിശ്ചയിച്ചുറപ്പിച്ചാണ് എത്തിയത്. ഇതിന്റെ ഭാഗമായാണ് ഏകപക്ഷീയമായി എസ്എഫ്ഐ പ്രവർത്തകരെ കൂട്ടത്തോടെ ആക്രമിച്ചത്.
കത്തിയും വടിവാളുമായി എത്തിയ സംഘം അപ്രതീക്ഷിതമായി എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്ത് ഏറ്റ് ധീരജ് തൽക്ഷണം മരിച്ചു. ഇതിനുപുറമെ മൂന്നു വിദ്യാർത്ഥികളെയും ഭീകരമായി കുത്തി. കുത്തേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.
കഴിഞ്ഞ കുറച്ചു ദിവസമായി ഇടുക്കി എൻജിനീയറിങ് കോളേജിൽ കെ എസ് യുക്കാർ ബോധപൂർവം കുഴപ്പം ഉണ്ടാക്കിയിരുന്നു. ഇക്കുറി തെരഞ്ഞെടുപ്പിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ബോധ്യമായതോടെ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ തിരിഞ്ഞു. പലതവണ വിദ്യാർത്ഥിനേതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ തുടർച്ചയെന്നോണമാണ് നിഖിൽ പൈലിയുടെ നേതൃത്വത്തിലുള്ള സംഘത്തെ പുറത്തുനിന്നും കൊണ്ടുവന്നത്.
സമൂഹ മാധ്യമങ്ങളിൽ സിപിഐ എം പ്രവർത്തകർക്കെതിരെ അടിക്കടി പ്രകോപനപരമായ പോസ്റ്റിടുന്ന നിഖിൽ പൈലി കോൺഗ്രസിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ്. സിപിഐ എം പ്രവർത്തകരെ ആക്രമിക്കണമെന്നു മറയില്ലാതെ പറയുന്ന നിഖിൽ പൈലി ഇതിനുമുമ്പും എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചിട്ടുണ്ട്.
കെ സുധാകരൻ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റശേഷം നിഖിൽ പൈലി അടക്കമുള്ളവരെ ഇടുക്കിയിൽ പരക്കെ കുഴപ്പങ്ങൾക്ക് തുടക്കമിട്ടിരുന്നു. സുധാകരനെ പോലുള്ള നേതാക്കളാണ് കോൺഗ്രസിന് ആവശ്യമെന്ന് പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. കെ സുധാകരൻ, രമേശ് ചെന്നിത്തല, ഡീൻ കുര്യാക്കോസ് എന്നിവരുമായി അടുത്ത ബന്ധം പുലർത്തുന്ന ആൾ കൂടിയാണ് നിഖിൽ പൈലി.