ലോകമെങ്ങും ഒമിക്രോൺ വ്യാപനം രൂക്ഷമായതോടെ അബൂദബിയില്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍. ഹോട്ടലുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വിനോദ, സാംസ്കാരിക പരിപാടികളുടെ സംഘാടകര്‍ തുടങ്ങിയ പുതുവര്‍ഷരാവില്‍ ആഘോഷങ്ങള്‍ ഒരുക്കുന്നവരോടെല്ലാം സുരക്ഷ പ്രോട്ടോകോളുകള്‍ പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഗ്രീന്‍ പാസ് പ്രോട്ടോകോള്‍ ഉപയോഗിക്കുക: കോവിഡ് വാക്സിനേഷന് സ്വീകരിച്ച് 14 ദിവസത്തിനു ശേഷം അല്‍ ഹുസ്ന് ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉണ്ടായിരിക്കണം, സന്ദര്‍ശകര്‍ക്കാണെങ്കില്‍ നെഗറ്റിവ് പി സി ആര് ഫലം വേണം. ആഘോഷപരിപാടികളില്‍ സംബന്ധിക്കുന്നവര്‍ക്കെല്ലാം 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റിവ് പി സി ആര് പരിശോധനഫലം വേണം. പ്രവേശനകവാടങ്ങളില്‍ ഇ ഡി ഇ സ്കാനര്‍ പരിശോധനയും ശരീരതാപനില പരിശോധനയും നടത്തണം. മാസ്ക് നിർബന്ധമാക്കി. പങ്കെടുക്കുന്നവരുടെ എണ്ണം മൊത്തം ഉള്ക്കൊള്ളാനാവുന്നതിെന്റ 60 ശതമാനം മാത്രമായിരിക്കണം. പങ്കെടുക്കുന്നവര്‍ തമ്മില്‍ ഒന്നരമീറ്റര്‍ ശാരീരിക അകലം പാലിച്ചിരിക്കണം. ഒരു വീട്ടില്നിന്നുള്ളവര്ക്ക് ശാരീരിക അകലം പാലിക്കാതെ ഒന്നിച്ചിരിക്കാം. ആഘോഷസ്ഥലത്തേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും കൃത്യമായ രീതിയുണ്ടാകണം. സാനിറ്റൈസറുകള്‍ നല്‍കണം. തുടര്‍ച്ചയായി അണുനശീകരണവും സാനിറ്റൈസേഷനും നടത്തണം. എല്ലാ നിബന്ധനകളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഉത്തരവാദിത്തപ്പെട്ടവരെ നിയോഗിക്കണം എന്നിവയാണ് സാംസ്കാരിക വിനോദ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍.
നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സാംസ്കാരിക, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധന നടത്തും. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നിയമ നടപടിയും ഉണ്ടാകും.