ഒമൈക്രോൺ വ്യാപന സാഹചര്യത്തിൽ അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം എതിർപ്പ് അറിയിക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കം. ജനുവരി 3ന് മുൻപ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോർട്.
ഇന്നലെ സംസ്‌ഥാനങ്ങളിലെ ഒമൈക്രോൺ സാഹചര്യത്തെ കുറിച്ചും വാക്‌സിനേഷൻ നിരക്കിനെ കുറിച്ചുമുള്ള റിപ്പോർട് തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൂടിക്കാഴ്‌ചയിൽ ആരോഗ്യ സെക്രട്ടറി കൈമാറിയിരുന്നു.ഇത് കൂടി കണക്കിലെടുത്താവും അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുക. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്‌ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടത്താൻ അനുകൂല സാഹചര്യമാണോയെന്ന് കമ്മീഷൻ ആരോഗ്യ സെക്രട്ടറിയോട് ആരാഞ്ഞു.
ഇവിടങ്ങളിലെ കോവിഡ് വ്യാപനം, വാക്‌സിനേഷൻ നിരക്കുകൾ എന്നിവ യോഗത്തിൽ അവലോകനം ചെയ്‌തു. അഞ്ച് സംസ്‌ഥാനങ്ങളിലും 70 ശതമാനം മുതൽ 100 ശതമാനം വരെയാളുകൾ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ സെക്രട്ടറി കമ്മീഷനെ ധരിപ്പിച്ചിട്ടുണ്ട്.