മുളകളിലെ കരവിരുത് വിളിച്ചോതുന്ന ബാംബൂ ഗ്യാലറി

0
23

മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റിലെ ബാംബൂ ഗ്യാലറി ശ്രദ്ധേയമാകുന്നു. സംസ്ഥാന ബാംബൂ മിഷന്‍ പരിശീലനം നല്‍കിയ കരകൗശല വിദഗ്ദരുടെ കരവിരുതില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളാണ് ബാംബൂ ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വീടുകളില്‍ തൂക്കിയിടുന്ന വിവിധ തരം അലങ്കാര വസ്തുക്കള്‍ക്ക് പുറമെ, ആഭരണങ്ങള്‍, ഫര്‍ണിച്ചര്‍, പാത്രങ്ങള്‍ എന്നിവയാണ് ബാംബു ഗ്യാലറിയില്‍ പ്രദര്‍ശനത്തിനുള്ളത്. സംസ്ഥാന ബാംബൂ മിഷനും കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രയില്‍ പ്രമോഷനും സംഘടിപ്പിക്കുന്ന 18ാമത് ബാംബൂ ഫെസ്റ്റിലെ ഒരു മുഖ്യ ആകര്‍ഷണമാണ് ബാംബു ഗ്യാലറി.


2004ലാണ് സംസ്ഥാന വ്യവസായ വകുപ്പ് കേരള ബാംബു മിഷന്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ഇതിന്റെ കീഴിലാണ് കരകൗശല വിദഗ്ദരുടെ സൗജന്യ പരിശീലന പരിപാടിക്ക് തുടക്കമിട്ടത്. അത് വരെ പരമ്പരാഗത ഉത്പന്നങ്ങളായ കുട്ട, വട്ടി എന്നിവ നിര്‍മിച്ചിരുന്നവര്‍ക്ക് മുല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനമാണ് നല്‍കി വരുന്നത്. ഇതിനോടകം ആയിരത്തോളം പേര്‍ക്ക് സംസ്ഥാന ബാംബു മിഷന്‍ പരിശീലനം നല്‍കി കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ ആര്‍ട്ടിസാന്‍സ് തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യ്ത സൊസൈറ്റി അംഗങ്ങള്‍ക്കും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനയിലെ അംഗങ്ങള്‍ക്കുമാണ് പരിശീലനം നല്‍കി വരുന്നത്. 14 ദിവസമാണ് പരിശീലന പരിപാടി. അങ്കമാലിയിലെ ബാംബൂ കോര്‍പ്പറേഷന് കീഴിലെ ബാംബൂ ഇന്നൊവേഷന്‍ സെന്ററിന് പുറമെ, കരകൗശല വിദഗ്ദര്‍ക്ക് എത്താന്‍ സൗകര്യമുള്ള കേന്ദ്രങ്ങളിലും പരിശീലന പരിപാടി സംഘടിപ്പിക്കും.


പരിശീലനത്തിന് പുറമെ ഇവര്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും ബാംബു മിഷന്‍ സഹായിക്കുന്നുണ്ട്. വര്‍ഷം തോറും നടക്കുന്ന ബാംബൂ ഫെസ്റ്റിന് പുറമെ, സംസ്ഥാനത്തിനകത്തും പുറത്തും നടക്കുന്ന വിവിധ പ്രദര്‍ശനങ്ങളില്‍ സ്റ്റാള്‍ എടുത്ത് ഇവരുടെ ഉത്പന്നങ്ങള്‍ സൗജന്യമായി പ്രദര്‍ശിപ്പിക്കാനും ബാംബൂ മിഷന്‍ അവസരമൊരുക്കുന്നു.

കരകൗശല വിദഗ്ദര്‍ക്ക് പരിശീലനം നല്‍കുന്ന 30 മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ബാംബൂ മിഷന്റെ കീഴിലുണ്ട്. ബാംബൂ മിഷന്‍ സംഘടിപ്പിച്ച പരിശീലന പരിപാടികളില്‍ കഴിവും പ്രാവീണ്യവും തെളിയിച്ചവരെയാണ് മാസ്റ്റര്‍ ട്രെയിനര്‍മാരായി നിയോഗിക്കുന്നത്. ഇവര്‍ക്ക് അഗര്‍ത്തലയിലെ ബാംബൂ ആന്റ് കെയിന്‍ ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥലങ്ങളില്‍ വിദഗ്ദ പരിശീലനം ലഭ്യമാക്കും.

ബാംബൂ ഗ്യാലറിയില്‍ പ്രദര്‍ശനത്തിന് വെച്ച ഉത്പന്നങ്ങള്‍ വാങ്ങാനും ബാംബൂ ഫെസ്റ്റില്‍ സാധിക്കും. ഈ മാസം 23 വരെ മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ നടക്കുന്ന പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.