കൂടുതൽ വോട്ടും പോയത് നോട്ടക്ക്; അപ്രതീക്ഷിത തിരിച്ചടിയിൽ യോഗം വിളിച്ച് അമിത് ഷാ

0
57

പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ ഉന്നതതല യോഗം വിളിച്ച് ബിജെപി. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ യുപി എന്നിവിടങ്ങളിൽ നിന്നുള്ള എംഎൽഎമാരും എംപിമാരും മുതിർന്ന നേതാക്കളുമാണ് യോഗത്തിൽ പങ്കെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലായിരുന്നു യോഗം. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ജാട്ട് വിഭാഗങ്ങൾ നിർണായകമായ നാൽപ്പത്തോളം ലോക്‌സഭാ സീറ്റുകളിൽ കർഷകസമരം തിരിച്ചടിയാകും എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പഞ്ചാബിലേറ്റ കനത്ത തോൽവിയും യോഗത്തിൽ ചർച്ചയായി.

പഞ്ചാബിൽ പലയിടത്തും ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചതിനേക്കാൾ വോട്ട് നോട്ടയ്ക്ക് കിട്ടി എന്നതാണ് കൗതുകകരം. ഉദാഹരണത്തിന് ഭതിൻഡയിലെ പത്താം വാർഡിൽ ബിജെപി സ്ഥാനാർത്ഥി രാജ് കുമാറിന് കിട്ടിയത് 12 വോട്ടാണ്. നോട്ടയ്ക്ക് 21ഉം. 20-ാം വാർഡിൽ പാർട്ടി സ്ഥാനാർത്ഥി മഞ്ജു കൗറിന് 18 വോട്ടു കിട്ടിയപ്പോൾ നോട്ടയ്ക്ക് അതിലും കൂടുതൽ കിട്ടി, 39 വോട്ട്. ഭതിൻഡയിലെ 20 വാർഡുകളിൽ നൂറിൽ താഴെ വോട്ടാണ് ബിജെപിക്ക് കിട്ടിയത്.

24-ാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് 22 വോട്ടുമാത്രമാണ്. ഇവിടെ മുവ്വായിരത്തിലേറെ വോട്ടുകൾ പോൾ ചെയ്തിരുന്നു. വാർഡ് 18ൽ 61 ഉം വാർഡ് 21ൽ 55 ഉം വോട്ടുകൾ മാത്രമാണ് ബിജെപി നേടിയത്. പലയിടങ്ങളിലും സ്വതന്ത്ര സ്ഥാനാർത്ഥികൾ ബിജെപിയേക്കാൾ കൂടുതൽ വോട്ടു നേടി.

അമൃത്സറിലെ 37-ാം വാർഡിലും ബിജെപിയേക്കാൾ വോട്ട് നോട്ടയ്ക്കാണ്. സീറ്റിൽ ബിജെപി സ്ഥാനാർത്ഥി മനോഹർ സിങ്ങിന് കിട്ടിയത് 52 വോട്ടാണ്. നോട്ടയ്ക്ക് 60 സീറ്റും. ഇവിടെ ജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ഗംഗദീപ് സിങ്ങിന് കിട്ടിയത് 3223 വോട്ടാണ്. അമൃത്സറിലെ 40 വാർഡുകളിൽ ഒരിടത്തു പോലും ബിജെപി ജയിച്ചില്ല. ബിജെപി തുടർച്ചയായി മൂന്നു തവണ കൈവശം വയ്ക്കുന്ന ലോക്‌സഭാ മണ്ഡലമായ അമൃത്സറിൽ പാർട്ടിക്കേറ്റ തിരിച്ചടി അവിശ്വസനീയമായി.

അമൃത്സറിനു പുറമേ, ഭതിൻഡ, ബർനാല, ഫത്ഹ്ഗർ സാഹിബ്, ഫിറോസ്പൂർ, മാൻസ, കപൂർത്തല എന്നിവിടങ്ങളിൽ ബിജെപിക്ക് ഒരു സീറ്റിൽ പോലും ജയിക്കാനായില്ല.

ബാദൽ കോട്ടയെന്നറിയപ്പെടുന്ന ഭതിൻഡയിൽ അകാലിദളിനും തിരിച്ചടി നേരിട്ടു. അമ്പതിൽ 43 സീറ്റിലും വിജയച്ചാണ് ഇവിടെ കോൺഗ്രസ് ജയം സ്വന്തമാക്കിയത്. മുൻ കേന്ദ്രമന്ത്രി ഹർസിമ്രത് കൗറിന്റെ ജന്മദേശം കൂടിയായ ഇവിടെ ആദ്യമായാണ് കോൺഗ്രസ് അധികാരത്തിലെത്തുന്നത്. അകാലിദളിന് ഏഴു സീറ്റു മാത്രമാണ് ലഭിച്ചത്. ബിജെപിയും ആം ആദ്മിയും അക്കൗണ്ട് തുറന്നില്ല. അകാലിദളിന്റെ മറ്റൊരു ശക്തി കേന്ദ്രമായ മാൽവയിലും പാർട്ടിക്ക് തിരിച്ചടി നേരിട്ടു.