സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനനെ വീണ്ടും തെരഞ്ഞെടുത്തു. കളമശേരിയിൽ ചേർന്ന സമ്മേളനത്തിൽ 46 അംഗ ജില്ലാ കമ്മിറ്റിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. 2018 മുതൽ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ് സി എൻ മോഹനൻ.
വിദ്യാർഥി, യുവജന രംഗങ്ങളിലൂടെയാണ് സി എൻ മോഹനൻ പൊതുരംഗത്ത് ശ്രദ്ധേയനായത്. 1994 മുതൽ 2000 വരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി. 92 -93ൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരിക്കെ ഡൽഹി സെന്ററിലും പ്രവർത്തിച്ചു. 2000 -2005ൽ സിപിഐ എം കോലഞ്ചേരി ഏരിയാസെക്രട്ടറിയായി. 2012ൽ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.
പതിനൊന്നുവർഷം ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജരായിരുന്നു. 2016 ഡിസംബർ മുതൽ ജിസിഡിഎ ചെയർമാനായി പ്രവർത്തിച്ചു. തുടർന്ന് 2018 ജൂൺ 20 ന് സിപിഐ എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സെക്രട്ടറിയായിരുന്ന പി രാജീവ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണിത്.