ലൈംഗികാരോപണം; ഗോവയിലെ ബിജെപി മന്ത്രി മിലിന്ദ് നായിക് രാജിവെച്ചു

0
63

ലൈംഗികാരോപണം ഉന്നയിച്ച് കോൺഗ്രസ് വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെ ഗോവ നഗരവികസന മന്ത്രിയും ബിജെപി നേതാവുമായ മിലിന്ദ് നായിക് രാജിവെച്ചു. കൃത്യവും നീതിയുക്‌തവുമായ അന്വേഷണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് രാജിയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

മന്ത്രിയ്‌ക്കെതിരെ ആരോപണവുമായി സംസ്‌ഥാന കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കറാണ് രംഗത്തെത്തിയത്. എന്നാൽ, മന്ത്രിയുടെ പേരോ മറ്റ് വിവരങ്ങളോ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. ഒരു സംസ്‌ഥാന മന്ത്രി ലൈംഗികാരോപണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്തിന് ഇക്കാര്യം അറിയാമെന്നും അദ്ദേഹം തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ആയിരുന്നു ആരോപണം. പിന്നാലെ ചില ചിത്രങ്ങളും വാട്‍സ്‌ആപ് ചാറ്റുകളും കോൺഗ്രസ് പുറത്തുവിടുകയും ചെയ്‌തിരുന്നു.

ഇതിനെ തുടർന്നാണ് ഗോവ മന്ത്രിയും ബിജെപി നേതാവുമായ മിലിന്ദ് നായിക്കിന്റെ രാജി. ആരോപണ വിധേയനായ മന്ത്രിയ്‌ക്കെതിരെ 15 ദിവസത്തിനകം നടപടി എടുത്തില്ലെങ്കിൽ ഡിസംബർ 19ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്‌ഥാനം സന്ദർശിക്കുന്നതിന് മുന്നോടിയായി തങ്ങളുടെ പക്കലുള്ള ചിത്രങ്ങളും വീഡിയോകളും ചാറ്റുമടക്കമുള്ള തെളിവുകൾ പുറത്തുവിടുമെന്നും കോൺഗ്രസ് അറിയിച്ചിരുന്നു.

ഇരയായ സ്‌ത്രീയെ മന്ത്രി ഭീഷണിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളുമുണ്ട്. ഫോൺ രേഖകളും കോൺഗ്രസിന്റെ പക്കലുണ്ട്. ഒരു എംഎൽഎ ആകാൻ കൂടി ഇയാൾക്ക് യോഗ്യതയില്ല. ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട സ്‌ത്രീ തന്റെ അവകാശം ചോദിക്കുമ്പോൾ ഇയാൾ താനൊരു മന്ത്രിയാണെന്നും തനിക്ക് എന്തും ചെയ്യാമെന്നും മറുപടി പറയുന്നു. സ്‌ത്രീയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്നുണ്ടെങ്കിലും അവരത് നിരസിക്കുകയാണ് ചെയ്‌തത്‌. ഇതിന്റെ ഓഡിയോ തെളിവുകൾ ഉണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ വാർത്താസമ്മേളനത്തിൽ വ്യക്‌തമാക്കിയിരുന്നു.