ദേശീയപാതയിൽ സ്വർണ വ്യാപാരിയുടെ കാർ തടഞ്ഞ് കവർച്ച നടത്തിയ കേസിലെ ആറ് പ്രതികൾക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രതികളെ സംബന്ധിച്ച് വിവരം ലഭിക്കുന്നവർ 9497980934 എന്ന നമ്പറിൽ അറിയിക്കണമെന്ന് കേസ് അന്വേഷിക്കുന്ന കാസർഗോഡ് ഇൻസ്‌പെക്‌ടർ അജിത്ത് കുമാർ അറിയിച്ചു.
കണ്ണൂർ ചിറക്കൽ സ്വദേശി മുബാറക്ക് (27), കാസർഗോഡ് കുമ്പള സ്വദേശി എജി ഷഹീർ (34), തൃശൂർ കോടശ്ശേരി സ്വദേശി എഡ്വിൻ തോമസ് (24), എറണാകുളം ആലുവ സ്വദേശി ആന്റണി ലൂയിസ് (28), വയനാട് പുൽപ്പള്ളി സ്വദേശി സുജിത്ത് (26), വയനാട് പനമരം സ്വദേശി ജോബിഷ് ജോസഫ് (23) എന്നിവർക്കായാണ് പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കേസിൽ മൂന്ന് പേരെ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു
പനമരം സ്വദേശി അഖിൽ ടോമി (24), തൃശൂർ എളംതുരുത്തിയിലെ ബിനോയ് സി ബേബി (25), വയനാട് പുൽപ്പള്ളിയിലെ ആണ് ഷാജു (28) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തിരുന്നത്. തുടർന്ന് പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ 27.50 ലക്ഷം രൂപയും ഒമ്പത് പവൻ സ്വർണവും പ്രതികൾ കവർച്ചാ പണം ഉപയോഗിച്ച് വാങ്ങിയ വസ്‌തുക്കളും കണ്ടെത്തിയിരുന്നു. മഹാരാഷ്‌ട്ര സ്വദേശിയായ രാഹുൽ മഹാദേവ് ജാവിർ ആണ് കഴിഞ്ഞ സെപ്റ്റംബർ 22ന് മൊഗ്രാൽപുത്തൂരിൽ ദേശീയപാതയിൽ കവർച്ചക്ക് ഇരയായത്.