മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിക്കിടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി. വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപാടാണ് താന്‍ പ്രസംഗത്തില്‍ സൂചിപ്പിക്കാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
റിയാസിനെതിരായ പരാമര്‍ശത്തില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. റിയാസിന്റേത് വിവാഹമല്ല വ്യഭിചാരമെന്നും ഇത് പറയാൻ തന്റേടം വേണമെന്നുമായിരുന്നു ലീഗ് നേതാവിന്റെ വിവാദ പരാമർശം. ‘മുന്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് തന്റെ നാട്ടിലെ പുതിയാപ്‌ളയാണ്. ആരാടോ ഭാര്യ, ഇതു വിവാഹമാണോ? വ്യഭിചാരമാണ്. ഇതുപറയാന്‍ തന്റേടവും ചങ്കൂറ്റവും വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നാം പ്രകടിപ്പിക്കണം. പറയേണ്ട കാര്യം വെട്ടിത്തുറന്ന് പറയണം’ അബ്‌ദു റഹിമാൻ കല്ലായി പ്രസംഗത്തില്‍ പറഞ്ഞു.
ആത്‌മീയതയാണ് മുസ്‌ലിം സമുദായത്തന്റെ അടിസ്‌ഥാന പ്രമാണമെന്നും മുസ്‌ലിം മതരീതികള്‍ മാത്രം ജീവിതത്തില്‍ പുലര്‍ത്തുന്നവരാണ് യഥാര്‍ഥ മുസ്‌ലീങ്ങളെന്നും പറഞ്ഞതിന് പിന്നാലെയായിരുന്നു ലീഗ് നേതാവിന്റെ അധിക്ഷേപം. സ്വവർഗ രതിയെയും സ്വതന്ത്ര ലൈംഗികതയെയും പിന്തുണക്കുന്നവരാണ് കമ്യൂണിസ്‌റ്റുകൾ എന്നും അവർ ഇസ്‌ലാമിക രീതിയില്‍ ജീവിക്കുന്നവരല്ലെന്നും അബ്‌ദുറഹിമാൻ കല്ലായി പറഞ്ഞു.
ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും മുസ്‌ലിം ലീഗിനെ അതിരൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. മുസ്‌ലിമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടു നടക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് രാഷ്‌ട്രീയ പാർട്ടിയാണോ മതസംഘടനയാണോയെന്ന് ലീഗുകാർ തന്നെ തീരുമാനിക്കണം.