തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് ബിജെപി റാലി

0
76

തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് ബിജെപിയുടെ റാലി. റാലി പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
അൽപം മുൻപാണ് ബിജെപിയുടെ പ്രതിഷേധ പ്രകടനം തലശ്ശേരിയിൽ ആരംഭിച്ചത്. മൂന്നുറോളം പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് ബിജെപിയുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചത്. റാലി അധികം ദൂരം പിന്നിടും മുൻപേ തന്നെ പൊലീസ് റാലി തടഞ്ഞു. നിലവിൽ പ്രതിഷേധക്കാർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്.

തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് മുതൽ ആറാം തിയതി വരെയാണ് നിരോധനാജ്ഞ. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ ബിജെപി നടത്തിയ കൊലവിളി പ്രകടനം വിവാദമായിരുന്നു. ഇതിന് പിന്നാലെ ഇന്നും ഒരു റാലി നടത്താൻ ബിജെപി തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തലശ്ശേരിയിൽ പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കിയതുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 25ഓളം ബിജെപി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ഐപിസി 143, 147, 153 എ, 149 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.