തമിഴ്‌നാട് തിരുച്ചിയിൽ എസ്‌ഐയെ കൊലപ്പെടുത്തിയവരിൽ കുട്ടികളും. പിടിയിലായവരിൽ രണ്ടുപേർ പത്തും പതിനേഴും വയസ് പ്രായമുള്ളവരാണ്. കേസിൽ പത്തൊൻപതുകാരനായ ഒരാളും പിടിയിലായിട്ടുണ്ട്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.
ഇന്നലെ പുലർച്ചെയാണ് പശുവിനെ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിലുണ്ടായ സംഘർഷത്തിൽ അഞ്ചംഗ സംഘം പട്രോളിങ് ഡ്യൂട്ടിയിലുണ്ടായ എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയത്. നവൽപേട്ട് സ്റ്റേഷനിലെ എസ്ഐ ഭൂമിനാഥൻ ആണ് കൊല്ലപ്പെട്ടത്. പശുവിനെ മോഷ്ടിക്കാനായി മൂന്ന് ബൈക്കുകളിലായി വന്ന അഞ്ചംഗ സംഘത്തെ തടയാൻ ശ്രമിച്ചതോടെ പ്രതികൾ വാഹനം നിർത്താതെ പോയി. ഇവരെ പിന്തുടർന്ന എസ്ഐ, രണ്ടുപേരെ പിടികൂടി.
തുടർന്ന് സംഘർഷമുണ്ടാകുകയും സംഘം എസ്ഐയെ ആക്രമിക്കുകയായിരുന്നു. പുതുക്കോട്ടെ തൃച്ചി റോഡിൽ പല്ലത്തുപെട്ടി കലമാവൂർ റെയിൽവേ ഗേറ്റിനുസമീപമാണ് സംഭവം നടന്നത്. വെട്ടേറ്റുകിടന്ന എസ്‌ഐയെ മണിക്കൂറുകൾക്ക് ശേഷമാണ് പ്രഭാത നടത്തത്തിനിറങ്ങിയവർ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലം മരിച്ചിരുന്നു.