ആഡംബര കപ്പലിലെ ലഹരിവിരുന്ന് : ആര്യൻ ഖാൻ ജയിലിൽ തന്നെ ; വിധി 20ന്

0
56

ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ അറസ്റ്റിലായ ബോളിവുഡ് നടന്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യഹര്‍ജിയില്‍ വിധി 20-ന്.ആര്യന്‍ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടായിരുന്നെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. മുംബൈ സെഷന്‍സ് കോടതിയില്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് എന്‍സിബി ഇക്കാര്യം വ്യക്തമാക്കിയത്.

എന്‍സിബിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിസ്റ്റര്‍ ജനറല്‍ അനില്‍ സിങ്, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആര്യന്‍ ഖാന്‍ ലഹരി ഉപയോഗിച്ചിരുന്നു എന്ന് കോടതിയില്‍ അവകാശപ്പെട്ടു. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വാദം പൂര്‍ത്തിയായി. ഒക്ടോബര്‍ 20ന് വിധി പറയും. അടുത്ത അഞ്ചു ദിവസത്തേക്ക് കോടതി അവധിയായയതിനാലാണ് വിധി ഒക്ടോബര്‍ 20ലേക്ക് മാറ്റിയത്.

ലഹരിമരുന്ന് വില്‍പനയെ സംബന്ധിച്ച്‌ ആര്യന്‍ ചര്‍ച്ച നടത്തിയതിനും തെളിവുണ്ടെന്നും പ്രായം കുറവാണെന്ന് പറഞ്ഞ് ജാമ്യം നല്‍കുന്നത് തെറ്റാണെന്നും എന്‍.സി.ബി. അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ആര്യനെതിരേ അന്താരാഷ്ട്ര ലഹരിമരുന്ന് ബന്ധം ആരോപിക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. വാട്സാപ്പ് ചാറ്റുകള്‍ ദുര്‍ബലമായ തെളിവുകളാണെന്നും അതിന്റെ പേരില്‍ ഈ ആണ്‍കുട്ടിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. നിലവില്‍ കുറ്റവിമുക്തനാക്കാനല്ല, ജാമ്യത്തിനായാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അന്വേഷണത്തിന് ഹാജരാകാമെന്നുള്ള ഉപാധികളടക്കം മുന്നോട്ടുവെച്ച്‌ കോടതിക്ക് ജാമ്യം നല്‍കാമെന്നും പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലങ്ങളില്ലെന്നും പ്രതിഭാഗം പറഞ്ഞു.

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ ഒക്ടോബര്‍ രണ്ടാം തീയതിയാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്തത്. ആര്യന്റെ സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച തുടങ്ങിയവരും എന്‍.സി.ബി.യുടെ പിടിയിലായിരുന്നു. കേസില്‍ ഇതുവരെ ആകെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ലഹരിമരുന്ന് വിതരണക്കാരും ഇതില്‍ ഉള്‍പ്പെടുന്നു.