ഫേസ്​ബുക്ക്​ പണിമുടക്കിയപ്പോൾ സക്കർബർഗിന്​ നഷ്​ടപ്പെട്ടത്​ 44,710 കോടി രൂപ

0
78

ഫേസ്​ബുക്കും ഇൻസ്റ്റാ​ഗ്രാമും വാട്ട്​സ്​ആപ്പും തിങ്കളാഴ്ച മണിക്കൂറുകളോളം പണിമുടക്കിയതോടെ ഫേസ്​ബുക്ക്​ സ്​ഥാപകനായ മാർക്ക് സക്കർബർഗിന്‍റെ സ്വത്ത്​ കുത്തനെ ഇടിഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ ആറ്​ ബില്യൺ ഡോളറിലധികമാണ്​ (ഏകദേശം 44,710 കോടി രൂപ) കുറഞ്ഞത്​.

ലോകത്തെ ധനികരുടെ പട്ടികയിൽനിന്നും അദ്ദേഹം പിന്നാക്കം പോയി. ഇപ്പോൾ ബിൽഗേറ്റ്​സിന്​ പിറകിൽ അഞ്ചാം സ്​ഥാനത്താണ്​ സക്കർബർഗ്​. ഫേസ്​ബുക്കിന്‍റെ ഓഹരിമൂല്യവും 4.9 ശതമാനം കുറഞ്ഞു. സെപ്​റ്റംബർ മുതൽ ഏകദേശം 15 ശതമാനമാണ് ഓഹരിമൂല്യം​ ഇടിഞ്ഞത്​.

ഫേസ്​ബുക്കിന്​ അകത്തെ നിരവധി പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടി സെപ്​റ്റംബർ 13 മുതൽ വാൾസ്​ട്രീറ്റ്​ ജേണൽ പരമ്പര പ്രസിദ്ധീകരിക്കുന്നുണ്ട്​. ഇൻസ്റ്റാഗ്രാം കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു​, ജനുവരി ആറിലെ കാപ്പിറ്റോൾ കലാപത്തെക്കുറിച്ച്​ തെറ്റായ വിവരങ്ങൾ നൽകി എന്നിവയെല്ലാം ഈ പരമ്പരയിൽ പ്രതിപാദിച്ചിരുന്നു. ഇക്കാര്യങ്ങൾ യു.എസ്​ സർക്കാറിന്‍റെയും ശ്രദ്ധയിൽ വന്നിട്ടുണ്ട്​.

ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ്​ ഫേസ്​ബുക്ക്​, ഇൻസ്റ്റഗ്രാം, വാട്ട്സാപ് എന്നിവയുടെ സേവനം ലോക​മെമ്പാടും തടസ്സപ്പെട്ടത്. തകരാർ പരിഹരിച്ചെന്നും ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും സക്കർബർഗ് വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കളെ സെർവറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ൻ നെയിം സിസ്റ്റത്തിനുണ്ടായ (ഡി.എൻ.എസ്) തകരാറാണ്​ പ്രശ്​നമായതെന്ന്​ കരുതുന്നു​.