കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ നിന്നുള്ള രാജി പിൻവലിപ്പിക്കാൻ അനുനയനീക്കവുമായി എത്തിയ പ്രതിപക്ഷനേതാവ് വി ഡി സതീശനെ പറപ്പിച്ച് വി എം സുധീരൻ. രാജി വെച്ച തീരുമാനത്തിൽനിന്നും പിന്നോട്ടില്ലെന്നും ഇക്കാര്യം പറഞ്ഞ് ആരും തന്റെയടുത്ത് വരേണ്ടെന്നുമായിരുന്നു സതീശനോട് സുധീരൻ തുറന്നടിച്ചത്. തന്റെ പിഴവുകൾ പൊറുക്കണമെന്ന് സതീശൻ താണുകേണപേക്ഷിച്ചുവെങ്കിലും സുധീരൻ തീരുമാനം മാറ്റിയില്ല. സുധീരനുമായുള്ള അനുനയനീക്കം പരാജയപ്പെട്ടതോടെ രാജി പിന്‍വലിക്കാന്‍ വേണ്ടി നിര്‍ബന്ധിക്കാന്‍ പോയതല്ലെന്ന് പറഞ്ഞ് ഉരുണ്ടുകളിക്കുകയായിരുന്നു സതീശൻ.
രാഷ്ട്രീയകാര്യസമിതിയില്‍ നിന്നുള്ള രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സതീശന്‍ സുധീരന്റെ വീട്ടിലെത്തിയത്. എന്നാല്‍, രാഷ്ട്രീയകാര്യസമിതിയെ നോക്കുകുത്തിയാക്കി ചില നേതാക്കള്‍ തമ്മില്‍ കൂടിയാലോചനകള്‍ നടത്തുന്നതിലെ അതൃപ്തി സതീശനെ അറിയിച്ചു. പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാമെന്നും തന്റെ തെറ്റുകൾ പൊറുക്കണമെന്നും സതീശൻ കേണപേക്ഷിച്ചു. എന്നാൽ, വഴങ്ങാൻ സുധീരൻ തയ്യാറായില്ല. ഇക്കാര്യം പറഞ്ഞ് ആരും തന്റെയടുത്തേക്ക് വരരുതെന്ന സൂചനയും നൽകിയാണ് സതീശനെ സുധീരൻ പറഞ്ഞയച്ചത്.
സുധീരൻ ഒരു നിലപാട് എടുത്താല്‍ അതില്‍ ഉറച്ചുനിൽക്കുമെന്നാണ് സതീശൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. അദ്ദേഹത്തെ മാറ്റിയെടുക്കാന്‍ അത്ര എളുപ്പമല്ല. രാജി പിന്‍വലിക്കാന്‍ വേണ്ടി നിര്‍ബന്ധിക്കാന്‍ പോയതല്ലെന്നും സതീശൻ അവകാശപ്പെട്ടു.
അതിനിടെ, സുധീരനുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും കൂടിക്കാഴ്ച നടത്തിയേക്കും. സുധീരനെ കാണുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും താരീഖ് അന്‍വര്‍ ശനിയാഴ്ച കൊച്ചിയില്‍ പറഞ്ഞിരുന്നു. ഹൈക്കമാന്‍ഡ് ഇടപെടലിനെ തുടര്‍ന്നായിരുന്നു അനുനയനീക്കം.
എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാലാണ് സുധീരന്റെ രാജിയെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് സമ്മതിച്ചു. സുധീരനെ കാണുമെന്നും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.