ജി എസ് ടിയിൽ ഉൾപ്പെടുത്തിയാൽ വില കുറയില്ല, നുണ പ്രചരണത്തിനെതിരെ ധന മന്ത്രി

0
72

ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍-ഡീസല്‍ വില കുറയുമെന്ന പ്രചരണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ നടക്കുന്നത്. ഇത് വാസ്തവവിരുദ്ധമാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്തുകയല്ല അധിക തീരുവ കുറക്കുകയാണ്​ പെട്രോള്‍, ഡീസല്‍ വില കുറക്കാനുള്ള പോംവഴിയെന്ന്​ അദ്ദേഹം പറഞ്ഞു. നിലവില്‍ 30 രൂപയിലധികം പെട്രോളിനും ഡീസലിനും തീരുവയായി കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്നുണ്ടെന്നും ഇത്​ കുറക്കാന്‍ കേന്ദ്രം തയ്യാറായാൽ പെട്രോള്‍, ഡീസല്‍ വില കുറയുമെന്നും​ അദ്ദേഹം പറഞ്ഞു.’ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ നിലവില്‍ ഇന്ധനികുതിയിലൂടെ സംസ്ഥാനങ്ങള്‍ക്ക്​ ലഭിക്കുന്ന വരുമാനം പകുതിയായി കുറയും. വരുമാനത്തിന്‍റെ പകുതി കേന്ദ്രസര്‍ക്കാറിനാകും ലഭിക്കുക. മദ്യവും പെട്രോളും ഡീസലിന്റെയും നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാറിന്​ തന്നെ നല്‍കുന്നതാണ്​ നല്ലതെന്ന്​ ജി.എസ്​.ടി കൗണ്‍സിലില്‍ കേരളം വാദിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഇന്ധന വില ജി എസ് ടിയുടെ പരിധിയിൽ കൊണ്ടുവരാനുള്ള നീക്കം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കേന്ദ്ര സർക്കാരിന്റെ നാടകമാണെന്നും, ഇതുവഴി കേന്ദ്ര സർക്കാർ ഇരട്ടി ലാഭമാണ് ലക്‌ഷ്യം വെക്കുന്നതെന്നും പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തിയിരുന്നു. ഇന്ധന വില നിയന്ത്രിക്കാനുള്ള അവകാശം കമ്പനികൾക്ക് നൽകിയത് മുതലാണ് ഇന്ധന വില നിയന്ത്രണത്തിൽ സർക്കാർ നോക്കുകുത്തികളായത് എന്നും പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളെ ഒറ്റു കൊടുത്ത് കേന്ദ്ര സർക്കാർ നേട്ടം കൊയ്യാനുള്ള ഇരട്ടത്താപ്പാണ് ഇതെന്നും തെരഞ്ഞെടുപ്പ് നടക്കാനുള്ള ബിജെപി ഇതര ഭരണമുള്ള സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ഇതെന്നും ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ലക്‌നൗവിൽ നടന്ന ജി എസ് ടി കൗൺസിലിൽ ബിജെപി ഭരണമുള്ള സംസ്ഥാനങ്ങൾ ഉൾപ്പടെ ഇതിനെ എതിർത്തതോടെയാണ് കേന്ദ്ര സർക്കാർ പൂർണമായും ഈ നീക്കത്തിൽ നിന്നും പിന്മാറിയത്.