Thursday
18 December 2025
24.8 C
Kerala
HomeKeralaസംസ്ഥാനത്ത് വാക്സിനേഷൻ 80 ശതമാനത്തിലേക്ക്, സെപ്റ്റംബർ അവസാനത്തോടെ എല്ലാവര്ക്കും വാക്സിൻ നൽകും

സംസ്ഥാനത്ത് വാക്സിനേഷൻ 80 ശതമാനത്തിലേക്ക്, സെപ്റ്റംബർ അവസാനത്തോടെ എല്ലാവര്ക്കും വാക്സിൻ നൽകും

സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക് എത്തുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് വ്യക്തമാക്കി. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 79.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും(2,28,18,901) 31.52 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (90,51,085) നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ മൂന്ന് കോടിയിലധികം (3,18,69,986) ഡോസ് വാക്‌സിന്‍ നല്‍കാനായി. ഈ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.

സംസ്ഥാനത്തിന് 14,25,150 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 3,27,810, എറണാകുളത്ത് 8,38,130, കോഴിക്കോട് 2,59,210 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് ലഭ്യമായത്. ലഭ്യമായ വാക്‌സിന്‍ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്‌സിന്‍ എത്തിച്ചേരുന്ന മുറയ്ക്ക് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുകയാണ് സർക്കാർ ലക്‌ഷ്യം വെക്കുന്നത്. അതേസമയം ഒക്ടോബർ നവംബർ മാസത്തോടെ കോളേജുകൾ തുറന്നു പ്രവർത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ ഇതിന്റെ ഭാഗമായി എല്ലാ കോളജ് വിദ്യാർത്ഥികൾക്കും വാക്സിനേഷൻ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ എടുത്തിട്ടില്ലാത്ത കോളേജ് വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് വാക്സിൻ എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

RELATED ARTICLES

Most Popular

Recent Comments