നിപ ബാധിച്ച് പന്ത്രണ്ടുകാരന്‍ മരിച്ച കോഴിക്കോട്ടെ ചാത്തമംഗലം പഞ്ചായത്തില്‍ സമഗ്രമായ കണക്കെടുപ്പിന് ഒരുങ്ങി ആരോഗ്യവകുപ്പ്. പ്രദേശത്ത് പനിയോ രോഗലക്ഷണങ്ങളോ ഉള്ള മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ശേഖരിക്കും. ഇതിനൊപ്പം നിപ ലക്ഷണത്തിന് സമാനമായ ലക്ഷണങ്ങളോടെ ഒരു മാസത്തിനിടെ മരിച്ചവരുടെ വിവരങ്ങളും പൂര്‍ണമായും ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മരിച്ച കുട്ടിയുടെ വീടിരിക്കുന്ന പ്രദേശത്തിന് ചുറ്റിലുമുള്ള മൂന്ന് കിലോമീറ്റര്‍ പൂര്‍ണമായും അടച്ചിടാനും തീരുമാനിച്ചു. അത്യാവശ്യക്കാര്‍ക്കുമാത്രമായിരിക്കും യാത്രാനുമതി നല്‍കുക. നിപയുടെ ഉറവിടം കണ്ടെത്താനുള്ള സ്രവ സാമ്പിളുകൾ ശേഖരിക്കുന്നതിനുളള നടപടികള്‍ തുടരുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ പരിശോധനയ്ക്കായി പ്രത്യേക വിഭാഗം ഇന്ന് പ്രവര്‍ത്തനം തുടങ്ങും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുളള ഏഴംഗ വിദഗ്ദ്ധരാണ് ലാബ് ഒരുക്കുന്നത്. ഇവര്‍ മൈക്രോബയോളജി വിഭാഗത്തിലുള്ളവര്‍ക്ക് സ്രവ ശേഖരണം, പരിശോധന തുടങ്ങിയവയില്‍ പരിശീലനവും നല്‍കും.