ട്രിബ്യൂണൽ പരിഷ്‌കരണ നിയമം: കേന്ദ്രത്തിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

0
21

 

സുപ്രീംകോടതി വിധികളെ നിയമനിർമാണത്തിലൂടെ മറികടക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം. കോടതിയുടെ ക്ഷമ പരീക്ഷിക്കരുതെന്നും എന്ത്‌ നടപടിയാണിതെന്നും സുപ്രീംകോടതി കേന്ദ്രത്തോട്‌ ആരാഞ്ഞു. ട്രിബ്യൂണല്‍ പരിഷ്‌കരണ നിയമം ചോദ്യംചെയ്‌ത്‌ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ, ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌, ജസ്റ്റിസ്‌ എൽ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചിന്റെ രൂക്ഷവിമർശനം. രാജ്യത്തെ ട്രിബ്യൂണലുകളെ ദുര്‍ബലപെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
മുമ്പ്‌ കേസ് പരിഗണിച്ചപ്പോള്‍ ട്രിബ്യൂണലുകളിലെ ചെയര്‍മാന്റെയും അംഗങ്ങളുടെയും ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇന്ന്‌ കേസ്‌ പരിഗണിച്ചപ്പോൾ കേന്ദ്ര അഡ്‌മി‌നിസ്‌ട്രേ‌റ്റീവ് ട്രിബ്യൂണലില്‍ മാത്രമാണ് നിയമനം നടത്തിയതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാർ മേത്ത അറിയിച്ചു. ഇതാണ് സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിന് വഴിവെച്ചത്. ട്രിബ്യൂണൽ നിയമനങ്ങളിൽ പുതിയ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഓർഡിനൻസ്‌ കൊണ്ടുവന്നിരുന്നു. ഓർഡിനൻസ്‌ പരിശോധിച്ച സുപ്രീംകോടതി ഇതിലെ വ്യവസ്ഥകൾ റദ്ദാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ പാർലമെന്റ്‌ സമ്മേളത്തിൽ സുപ്രീംകോടതി റദ്ദാക്കിയ ഓർഡിനൻസിലെ വ്യവസ്ഥകൾ ആവർത്തിച്ച് കേന്ദ്രം ട്രിബ്യൂണൽ പരിഷ്‌കരണ നിയമം പാസാക്കി. ഇതിനെതിരെ കോൺഗ്രസ്‌ നേതാവ്‌ ജയറാം രമേശ്‌ അടക്കമുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ്‌ കോടതിയുടെ വിമർശനം. നിയമനങ്ങൾ പൂർത്തിയക്കാത്തതിനാൽ പല ട്രിബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമെന്ന്‌ സുപ്രീംകോടതി പ്രഖ്യാപിച്ച ശേഷം അതെ കാര്യംതന്നെ പുതിയ നിയമനിർമാണത്തിലൂടെ തിരികെ കൊണ്ടുവരുന്നത്‌ എന്ത്‌ നടപടിയാണ്‌. ഇത്‌ കോടതി വിധികളെ ബഹുമാനിക്കാത്ത നടപടിയാണ്‌. അത്‌ അംഗീകരിക്കാനാവില്ല. എത്രയും പെട്ടെന്ന്‌ നേരത്തെയുള്ള കോടതി വിധിയുടെ അടിസ്ഥാനത്തിൽ ട്രിബ്യൂണൽ നിയമനങ്ങൾ നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. നിയമനങ്ങൾ പൂർത്തിയാക്കുവാൻ ഒരാഴ്‌ച സമയം കോടതി അനുവദിച്ചു.