തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല. അതേസമയം ആഴ്ചയില്‍ അഞ്ചു ദിവസം മാത്രം പ്രവൃത്തി ദിവസം മതിയെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കും. കഴിഞ്ഞ ദിവസം പതിനൊന്നാം ശമ്ബള പരിഷ്‌കരണ കമ്മീഷന്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളിലാണ് സര്‍ക്കാര്‍ ഏകദേശ ധാരണയില്‍ എത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന് ശമ്ബള കമ്മീഷന്‍ അധ്യക്ഷന്‍ കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് കൈമാറിയത് എന്തായാലും റിപ്പോര്‍ട്ട് അതേപടി അംഗീകരിക്കേണ്ടതില്ലെന്നാണ് ഇപ്പോഴുള്ള തീരുമാനം. കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ ശമ്ബളപരിഷ്‌കരണം സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ നേരത്തെ തന്നെ നടപ്പാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റ് നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
പെന്‍ഷന്‍ പ്രായം 57 ആക്കണം എന്നാണ് കമ്മീഷന്‍ ശുപാര്‍ശ. എന്നാല്‍, ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കും എന്നതിനാല്‍ പിന്നീട് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ആണ്. ഇത് ഒരു വര്‍ഷം കൂടി വര്‍ദ്ധിപ്പിച്ചാല്‍ സംസ്ഥാന ഖജനാവിന് ഉണ്ടാകുന്ന ലാഭവും നഷ്ടവും ജനങ്ങള്‍ക്കിടയില്‍ ഉണ്ടാവുന്ന പ്രതികരണവും അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച ശേഷം മാത്രമേ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയുള്ളൂ.
2013 ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് ഇപ്പോള്‍ത്തന്നെ 60 ആണ് പെന്‍ഷന്‍ പ്രായം. എന്നാല്‍ ഇവര്‍ കോണ്‍ട്രിബ്യൂട്ടിറി പെന്‍ഷന്‍ വ്യവസ്ഥയിലാണ് ജോലിയില്‍ പ്രവേശിക്കുന്നത്. കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനില്‍ ജീവനക്കാരന്‍ തന്റെ ശമ്ബളത്തിന്റെ നിശ്ചിത ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്ക് നിക്ഷേപിക്കുകയും അതുപോലെ നിശ്ചിത ശതമാനം തുക സര്‍ക്കാരും ജീവനക്കാരുടെ പേരില്‍ നിക്ഷേപിക്കും.
2013 മുമ്ബ് ജോലിയില്‍ പ്രവേശിച്ച ജീവനക്കാര്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന് അര്‍ഹരാണ് ഇവര്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് തുക നിക്ഷേപിക്കേണ്ടതില്ല. ശനിയാഴ്ചകള്‍ അവധി ആക്കണം എന്നാണ് ശമ്ബളകമ്മീഷന്റെ മറ്റൊരു ശുപാര്‍ശ.
നിലവില്‍ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വൈകാതെ പുന:സ്ഥാപിക്കും എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍, ശമ്ബള കമ്മീഷന്‍ ശുപാര്‍ശ നേരെ മറിച്ചാണ്. ശനിയാഴ്ച കൂടി അവധി നല്‍കി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവൃത്തി ആഴ്ചയില്‍ അഞ്ചു ദിവസമായി ചുരുക്കിയും ജോലി സമയം 9.30 മുതല്‍ 5.30 വരെ ആക്കുകയുമാണ് ശുപാര്‍ശ. ഫലത്തില്‍ ഒരാഴ്ചയില്‍ ജോലിചെയ്യുന്ന മണിക്കൂറുകളുടെ ദൈര്‍ഘ്യം വ്യത്യാസം വരുന്നില്ല. അതേസമയം ഒരു ദിവസം അവധി ലഭിക്കുകയും ചെയ്യും. ഈ നിര്‍ദ്ദേശം അംഗീകരിക്കുന്നത് കൊണ്ട് ഒട്ടേറെ ലാഭം സര്‍ക്കാരിനുമുണ്ട്.