ചന്ദ്രിക കള്ളപ്പണ ഇടപാട്: മൊഴി കൊടുത്തത് സ്വയം സന്നദ്ധത പ്രകടിപ്പിച്ചതിനാലല്ല; ഇ ഡിയുടെ സമന്‍സ് പങ്കുവെച്ച് കെ ടി ജലീല്‍

0
52

ചന്ദ്രിക കള്ളപ്പണ ഇടപാടില്‍ താന്‍എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്നില്‍ മൊഴി നല്‍കിയത് സ്വയം സന്നദ്ധത പ്രകാരമാണെന്ന വാര്‍ത്തകള്‍ തള്ളി കെ ടി ജലീല്‍ എംഎല്‍എ. ഇ ഡി തനിക്കയച്ച സമന്‍സ് ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് ജലീൽ ഇങ്ങനെ പ്രതികരിച്ചത്. ജലീലില്‍ നിന്ന് മൊഴി എടുത്തത് സ്വയംസന്നദ്ധത അറിയിച്ചതിനാലെന്ന് ഇ ഡി വൃത്തങ്ങള്‍ അറിയിച്ചെന്ന് തരത്തില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ, മാധ്യമങ്ങളുടെ ഈ വാർത്ത പച്ചക്കള്ളമാണെന്ന് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് തെളിയിക്കുന്നു.

‘ചന്ദ്രിക’ പത്രവുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാട് സംബന്ധിച്ചും ചന്ദ്രികയുടെ അക്കൗണ്ടില്‍ നിന്ന് 4.5 കോടി ചെലവിട്ട് ഹൈദരലി തങ്ങളുടെ പേരിലും ലീഗ് നേതാവിന്റെ മകന്‍ ആഷിഖിന്റെ പേരിലും വാങ്ങിയ സ്ഥലത്തിന്റെ രേഖകളും പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖിന്റെ പേരില്‍ സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ഉള്‍പ്പടെ ഏഴ് കാര്യങ്ങളിലുള്ള രേഖകളും വിവരങ്ങളും കഴിയുന്നിടത്തോളം ഹാജരാക്കാന്‍ മൊഴിയെടുപ്പിനൊടുവില്‍ ഇ.ഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്,’ ജലീല്‍ പറഞ്ഞു.
തന്റെ സൗകര്യപ്രകാരം സെപ്റ്റംബര്‍ ഒമ്പതിന് രേഖകള്‍ ഹാജരാക്കാമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ ആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇ ഡിയോട് സൂചിപ്പിച്ചിട്ടേയില്ലെന്നും ജലീൽ പോസ്റ്റിൽ പറഞ്ഞു.