സ്വാതന്ത്ര്യസമരസേനാനി മംഗലാട്ട്‌ രാഘവന്‍ അന്തരിച്ചു

0
25

 

സ്വാതന്ത്ര്യസമരസേനാനിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ മംഗലാട്ട് രാഘവന്‍ (100) അന്തരിച്ചു. തലശേരി കോ–-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചക്ക് 12.38നായിരുന്നു അന്ത്യം. ശ്വാസ തടസത്തെതുടര്‍ന്ന് 27 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫ്രഞ്ച് അധീന മയ്യഴിയില്‍ 1921 സപ്തംബര്‍ 20ന് മാഹിയിലെ മംഗലാട്ട് ചന്തുവിന്റെയും കുഞ്ഞിപ്പുരയില്‍ മാധവിയുടെയും മകനായാണ് ജനനം. ഭാര്യ: പരേതയായ കെ വി ശാന്ത. മക്കള്‍: പ്രദീപ്, ദിലീപ്, രാജീവ്, ശ്രീലത, പ്രേമരാജന്‍.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും മാഹി വിമോചന പോരാട്ടത്തിലും പങ്കെടുത്ത ആദ്യകാല സോഷ്യലിസ്റ്റാണ്. 1948 ഒക്ടോബറില്‍ മാഹി ഫ്രഞ്ചുകാരില്‍ നിന്ന് പിടിച്ചെടുത്ത സമരത്തിന്റെ നായകനായിരുന്നു. സമരത്തിന്റെ പേരില്‍ 20 വര്‍ഷം തടവിനും ആയിരം ഫ്രാങ്ക് പിഴയടക്കാനും ശിക്ഷിച്ചു. ഒളിവില്‍ പോയതിനാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവായി. ക്വിറ്റിന്ത്യാ സമരകാലത്ത് ചോമ്പാൽ റെയില്‍വെസ്റ്റേഷന്‍ തീവെപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു. പോലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയായി.
1948ലെ സ്വതന്ത്ര്യമയ്യഴി ഭരണകൗണ്‍സിലിലും മയ്യഴി വിമോചനത്തിന് ശേഷം രൂപീകരിച്ച 15 അംഗ കൗണ്‍സിലിലും അംഗമായി. 1965 മുതല്‍ മാതൃഭൂമി പത്രാധിപസമിതി അംഗം. 1981ല്‍ കണ്ണൂര്‍ ബ്യൂറോ ചീഫായി വിരമിച്ചു.
ഫ്രഞ്ച് കവിതകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ഫ്രഞ്ച് കവിതകള്‍ (1993), ഫ്രഞ്ച് പ്രണയഗീതങ്ങള്‍ (1999), വിക്തര്‍ ഹ്യൂഗോവിന്റെ കവിതകള്‍ (2002) എന്നിവയാണ് പ്രധാന കൃതികള്‍. ഫ്രഞ്ച് കവിതകള്‍ക്ക് 1994ല്‍ വിവര്‍ത്തനത്തിനുള്ള കേരള സാഹിത്യ അക്കാഡമി അവാര്‍ഡും അയ്യപ്പപ്ണിക്കര്‍ പുരസ്കാരം, എംഎന്‍ സത്യാര്‍ഥി പുരസ്കാരം, മയില്‍പീലി പുരസ്കാരം എന്നിവ ലഭിച്ചു.