കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എയുടെ മകന്‍ ആപ്പിള്‍ ഐ ഫോണ്‍ ഉപയോഗിച്ച് പിറന്നാള്‍ കേക്ക് മുറിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കനകഗിരി എം.എല്‍.എ ബസവരാജ് ദാദെസുഗുറിന്‍റെ മകന്‍ സുരേഷാണ് വിവാദമുണ്ടാക്കിയത്.
മേശയുടെ മുകളില്‍ നിരത്തിവെച്ച കേക്കുകള്‍ക്ക് മുകളിലൂടെ ഐഫോണ്‍ നീക്കിക്കൊണ്ടാണ് സുരേഷ് ആഘോഷിച്ചത്. സമീപത്തുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആര്‍പ്പുവിളിക്കുന്നതും വിഡിയോയില്‍ കാണാം. സുരേഷ് എന്ന് പേരിന്‍റെ ഒരോ അക്ഷരത്തിനായി ഒരോ കേക്കുകളാണ് തയാറാക്കിയത്.
കോവിഡ് മഹാമാരിക്കാലത്ത് പണം ധൂര്‍ത്തടിക്കുന്ന എം.എല്‍.എയുടെ മകന്‍റെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ബല്ലാരിക്കടുത്ത് ഹോസ്പേട്ടയിലാണ് ബര്‍ത്ത്ഡേ ആഘോഷങ്ങള്‍ അരങ്ങേറിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഡംബര കാറുകളിലാണ് സുഹൃത്തുക്കളെയും ബന്ധുക്കളെയും സുരേഷ് പരിപാടി നടന്ന സ്ഥലത്തെത്തിച്ചതെന്ന് ചില ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ വ്യക്തമാണ്. ശേഷം ഓഡിയുടെ ആഡംബര കാര്‍ ഓടിച്ചാണ് സുരേഷ് ബെല്ലാരിലേക്ക് വിരുന്നിന് പോയത്.
A Karnataka BJP MLA’s son has stirred a controversy by cutting his birthday cake(s) using his iPhone pic.twitter.com/zht6HhD12X
— Soumya Chatterjee (@Csoumya21) September 3, 2021
മകന്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന് എം.എല്‍.എ വിശദീകരിച്ചതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് സുരേഷ് പിറന്നാള്‍ ആഘോഷിച്ചതെന്നാണ് അദ്ദേഹം നല്‍കുന്ന ന്യായീകരണം. കോവിഡ് മഹാമാരി ഇനിയും അവസാനിക്കാത്തതിനാലാകാം സുരേഷ് ഐ ഫോണ്‍ ഉപയോഗിച്ച് കേക്ക് മുറിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2018ല്‍ തെരഞ്ഞെടുപ്പ് സമയത്ത് ഫണ്ടില്ലെന്ന് പറഞ്ഞ് സ്വന്തം മണ്ഡലത്തില്‍ നിന്ന് പരിവെടുത്തയാളാണ് ബസവരാജെന്ന് പ്രദേശിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം മൂന്നിലധികം ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടിയ ഇയാള്‍ അന്ന് തന്നെ തന്‍റെ മനോഭാവം വ്യക്തമാക്കിയതാണ്.