മൂന്ന് പെണ്‍മക്കളെയും ചേര്‍ത്ത് പിടിച്ച് താലിബാനോട് അഭ്യര്‍ത്ഥനയുമായി മുന്‍ പ്രസിഡന്റ് കര്‍സായി

0
65

ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സൈന്യത്തോടും താലിബാനോടും അപേക്ഷയുമായി അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. എന്റെ പെണ്‍കുട്ടികളോടൊപ്പം ഞാന്‍ കാബൂളിലുണ്ട്. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും താലിബാനോട് അഭ്യര്‍ത്ഥിക്കുന്നു. വീഡിയോ സന്ദേശത്തില്‍ ഹമീദ് കര്‍സായി വ്യക്തമാക്കി. വീഡിയോയില്‍ കര്‍സായിയോടൊപ്പം മൂന്ന് പെണ്‍കുട്ടികളെയും കാണാം. 2001 മുതല്‍ 2014 വരെ അഫ്ഗാന്‍ പ്രസിഡന്റ് ആയിരുന്നു കര്‍സായി.

ജനങ്ങളോട് സംയമനം പാലിച്ച് വീടുകളില്‍ തന്നെ കഴിയണമെന്ന് അഭ്യര്‍ത്ഥിച്ച കര്‍സായി രാഷ്ട്രീയ നേതൃത്വത്തോട് പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും അഭ്യര്‍ത്ഥിച്ചു.

താലിബാന്‍ കാബൂള്‍ കയ്യടക്കിയതോടെ നിലവിലെ പ്രസിഡന്റ് അഷ്‌റഫ് ഗനിയും അദ്ദേഹത്തിന്റെ സംഘവും രാജ്യം വിട്ടു. പിന്നാലെ പ്രസിഡന്റിന്റെ കൊട്ടാരം താലിബാന്‍ പിടിച്ചെടുത്തു.

അഫ്ഗാനിസ്താന്റെ അധികാരം പൂര്‍ണമായും പിടിച്ചെടുത്തെന്നും രാജ്യം ഇനി ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്താന്‍ എന്നറിയപ്പെടുമെന്നും താലിബാന്‍ അവകാശപ്പെട്ടു. താലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്ദുള്‍ഗനി ബറാദര്‍ ആയിരിക്കും പുതിയ പ്രസിഡന്റ് എന്നാണ് സൂചന.