മുസ്ലീംലീഗ് നേതൃത്വത്തിനും പി കെ കുഞ്ഞാലിക്കുട്ടിയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി ഹൈദരലി തങ്ങളുടെ മകൻ മൊയീൻ അലി. പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്ന് മൊയീൻ അലി തുറന്നടിച്ചു.
പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കേസിൽ മൊഴിയെടുക്കാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് എൻഫോഴ്സ്മെന്റ് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് മൊയീൻ അലി രംഗത്തുവന്നത്.
വരിസംഖ്യയായി പിരിച്ച തുകയാണ് രണ്ട് ഘട്ടമായി ചന്ദ്രികയുടെ അക്കൗണ്ടിൽ അടച്ചത്.പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കഴിയുന്നത്. ഇ ഡി നോട്ടീസ് അയച്ചതും നേരത്തെ ചോദ്യം ചെയ്തതുമെല്ലാം അദ്ദേഹത്തെ കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ലെന്നും നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് അദ്ദേഹമെന്നും മൊയീൻ അലി പറഞ്ഞു. ഫിനാൻസ് മാനേജർ സമീറിനെ വച്ചത് കുഞ്ഞാലിക്കുട്ടിയാണ്. പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങി. ലീഗിന്റെ ധനകാര്യ മാനേജ്‌മെന്റ് ആകെ പാളി- മൊയീൻ അലി തുറന്നടിച്ചു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് വീണ്ടും എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയിരുന്നു. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കേസിലാണ് മൊഴിയെടുക്കാൻ നോട്ടീസ് അയച്ചിരിക്കുന്നത്. ആഗസ്റ്റ് ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.