ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി ചുമതലയേയേറ്റതിനുപിന്നാലെ കർണാടകത്തിലെ കോൺഗ്രസ് എംഎൽഎമാരുടെ വീടുകളിൽ ഇ ഡി റെയ്ഡ്. മുൻ മന്ത്രിമാരായ റോഷൻ ബെയ്‌ഗ്, സമീർ അഹമ്മദ്ഖാൻ എംഎൽഎ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് ഒരേ സമയം റെയ്ഡ് നടത്തിയത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് വ്യാഴാഴ്ച രാവിലെ ആറുമണിയോടെ റെയ്ഡ് ആരംഭിച്ചത്.
റോഷൻ ബെയ്ഗിന്റെ ശിവാജിനഗറിലെ രണ്ടു വീടുകളിലും നാല് ഓഫീസുകളിലുമാണ് എട്ടംഗ സംഘം പരിശോധന നടത്തിയത്. ഐമ ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അന്വേഷണം എന്നാണ് അധികൃതർ പറയുന്നത്. ഐമ ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ബെയ്ഗിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 400 കോടി രൂപ തിരിച്ചുനല്‍കിയില്ലെന്ന ഐമ ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് മൻസൂർഖാനാണ് പരാതി നൽകിയത്. നിയമവിരുദ്ധ സാമ്പത്തിക ഇടപാട് നടത്തിയെന്ന മറ്റൊരു കേസിലും റോഷൻ ബെയ്ഗിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
ചാമ്‌രാജ്പേട്ട എംഎൽഎയായ സമീർ അഹമ്മദ്ഖാന്റെ കബ്ബണ്‍ പാർക്കിലെ ഫ്ലാറ്റ്, കന്റോൺമെന്റ് റെയില്‍വേ സ്റ്റേഷന് പരിസരത്തെ ബംഗ്ലാവ്, കലാസിപ്പലായ, ചാമരാജ്പേട്ട എന്നിവിടങ്ങളിലെ ട്രാവൽ ഏജൻസി ഓഫീസുകൾ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇരുവരുടെയും സ്വത്ത്, സാമ്പത്തിക സ്രോതസ് എന്നിവ സംബന്ധിച്ച രേഖകൾ കണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ്. ബംഗളുരു സിറ്റി പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. റെയ്ഡ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇ ഡി അധികൃതർ പുറത്തുവിട്ടിട്ടില്ല.