കോവിഡിൽ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) തൊഴിലില്ലായ്‌മയും പട്ടിണിയും രൂക്ഷം. ഡൽഹിയിലും ഗാസിയാബാദിലും ഏപ്രിലിൽ 72 ശതമാനംപേർക്കും തൊഴിൽ നഷ്ടപ്പെട്ടു. കുറച്ച് ദിവസങ്ങൾ തൊഴിലെടുത്തവരുടെ ആദായവും ഇടിഞ്ഞു.
മരപ്പണിക്കാർ, പ്ലംബർമാർ, ഇലക്‌ട്രീഷ്യൻമാർ തുടങ്ങിയവരുടെ വരുമാനം മാസം 4700 രൂപയായി കുറഞ്ഞു. കടയുടമകളുടെയും കച്ചവടക്കാരുടെയും വരുമാനത്തിലും കുറവുണ്ടായതായും സിപിഐ എം ഡൽഹി സംസ്ഥാന കമ്മിറ്റി സർവേയിൽ കണ്ടെത്തി.
കോവിഡ് ബാധിതരായവർക്ക് ചികിത്സയ്‌ക്ക് ശരാശരി 12,000 രൂപയെങ്കിലും ചെലവായി. ഇതോടെ മിക്ക കുടുംബങ്ങളും പട്ടിണിയായി. വാക്‌സിനേഷൻ ശതമാനവും കുറവാണ്. ജൂൺവരെ 3.8 ശതമാനം പേർക്ക് മാത്രമാണ് രണ്ട് ഡോസ് വാക്‌സിൻ ലഭിച്ചതെന്നും സർവേയിൽ വ്യക്തമായി.
ഡൽഹിയിൽ 54 ശതമാനത്തിനും ഉപയോഗയോഗ്യമായ റേഷൻകാർഡില്ലാത്തത് പ്രതിസന്ധി വർധിപ്പിച്ചു. റേഷൻകാർഡുകളുള്ളവർക്കും കാര്യമായ സഹായങ്ങൾ ലഭിച്ചില്ല. ഏപ്രിലിൽ കുടുംബത്തിലെ ഒരാൾക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം അനുവദിച്ചത് 48 ശതമാനം കാർഡുകളിൽമാത്രം.
മേയിലിത് 27 ശതമാനമായി കുറഞ്ഞു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്ത് നൽകി. സർവേ റിപ്പോർട്ട് പുറത്തിറക്കിയുള്ള വാർത്താസമ്മേളനത്തിൽ പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി കെ എം തിവാരി, പ്രൊഫ. വികാസ്‌റാവൽ തുടങ്ങിയവർ പങ്കെടുത്തു.