ടോക്കിയോ ഒളിമ്പിക്സിൽ ഒരു മെഡൽ കൂടി ഉറപ്പിച്ച് ഇന്ത്യ. വനിതാ ബോക്സിംഗിൽ ലാവ്ലിന ബോർഗോഹെയ്ൻ സെമിഫൈനൽ ബർത്ത് നേടിയതോടെയാണ് ഇന്ത്യയ്ക്ക് മെഡൽ ഉറപ്പായത്. ബോക്സിംഗിൽ സെമിയിൽ എത്തിയാൽ വെങ്കല മെഡൽ ലഭിക്കും.
ക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ ചെൻ നീൻ ചിന്നിനെ 4-1 എന്ന സ്കോറിന് തകർത്താണ് മണിപ്പൂർ സ്വദേശിനി ലാവ്ലിന അവസാന നാലിലെ പോരാട്ടത്തിന് അർഹയായത്. ഓഗസ്റ്റ് നാലിനാണ് സെമിഫൈനൽ. 2018, 2019 വർഷങ്ങളിലെ ലോക ചാമ്പ്യൻഷിപ്പുകളിൽ വെങ്കല മെഡൽ നേട്ടവും ഇന്ത്യൻ താരം സ്വന്തമാക്കിയിട്ടുണ്ട്.
ഒരു മെഡൽ കൂടി ഉറപ്പിച്ചതോടെ റിയോ ഒളിമ്പിക്സിലെ നേട്ടത്തിനൊപ്പം എത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. റിയോയിൽ ഇന്ത്യയ്ക്ക് ഒരു വെള്ളിയും വെങ്കല മെഡലുമാണ് ലഭിച്ചിരുന്നത്.