ക്യാമ്പസ് പോലീസ് യൂണിറ്റ് അനുവദിച്ചുകൊണ്ട് ഹൈക്കോടതിയുടെ വിധി

0
97

കേരളത്തിലെ ക്യാംപസുകളിൽ ലഹരിവേട്ട ഉൾപ്പെടെ എൻഡിപിഎസ് നിയമം നടപ്പാക്കാൻ പൊലീസിന്റെയും എക്സൈസിന്റെയും നടപടികൾക്കുള്ള തടസ്സം നീങ്ങുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളും ലഹരിവിമുക്തമാക്കാൻ ക്യാംപസ് പൊലീസ് യൂണിറ്റ് രൂപീകരിക്കണമെന്നും, നിയമം നടപ്പാക്കുന്ന കാര്യത്തിൽ പൊലീസിനും എക്സൈസിനുമുള്ള നടപടി എളുപ്പമാക്കണമെന്നും വ്യക്തമാക്കുന്നതാണു ഹൈക്കോടതിയുടെ സുപ്രധാന വിധി.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനു സർവകലാശാലയോ കോളജ്  അധികൃതരോ ക്യാംപസ് പൊലീസിനെ നിയമിക്കുന്ന രീതി പശ്ചാത്യ രാജ്യങ്ങളിൽ നിലവിലുണ്ട്. നമ്മുടെ നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടർച്ചയായി പരിശോധന നടത്താൻ പൊലീസിനും എക്സൈസിനും കഴിയാറില്ല. ഈ ബുദ്ധിമുട്ടു കണക്കിലെടുത്താണു കോടതിയുടെ നിർദേശം.

സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വർധിക്കുന്നതു ശ്രദ്ധയിൽപ്പെടുത്തി റിട്ട. ഐപിഎസ് ഓഫിസർ എൻ.രാമചന്ദ്രൻ എഴുതിയ കത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണു ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് എ.എം.ഷഫീഖ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. 3 മാസത്തിനകം നിർദേശങ്ങൾ നടപ്പാക്കണമെന്നും നിർദേശിച്ചു.