കള്ളപ്പണ ഭൂമി ഇടപാട് ; പി ടി തോമസിനെതിരായ അന്വേഷണം മുക്കിയതാര്

0
96

ഇടപ്പള്ളി അഞ്ചുമനയിലെ കള്ളപ്പണ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പി ടി തോമസിനെതിരായ അന്വേഷണം മുക്കിയതാര്. പി ടി തോമസ് അടക്കം കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളും ബിജെപി നേതാക്കളും തമ്മിലുള്ള ബന്ധം എന്താണ്. കേസ് ഒതുക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ഡീൽ എന്താണ്. ഏറെ പ്രമാദമായിട്ടും വിഷയത്തിൽ എന്തുകൊണ്ടാണ് ഇ ഡിയും ആദായനികുതിവകുപ്പും തുടരന്വേഷണം നടത്താതെ ഒളിച്ചുകളിക്കുന്നത്.

പി.ടി തോമസ് മധ്യസ്ഥനായ ഭൂമി ഇടപാടില്‍ ഒന്നരക്കോടിയുടെ വസ്തു കച്ചവടം ഉറപ്പിച്ചത് 80 ലക്ഷത്തിന്; പണം കൈമാറിയതില്‍ ആദായ നികുതി ചട്ടങ്ങളുടെ ലംഘനവും ഉള്ളതായി കണ്ടെത്തിയിരുന്നു. അഞ്ചുമനയിലെ വസ്തു വില്‍പ്പനയിടപാടില്‍ നടന്നത് ആദായ നികുതി വകുപ്പ് ചട്ടം ലംഘനം. കള്ളപ്പണ വിതരണവും നികുതി വെട്ടിപ്പും തടയുന്നതിന്റെ ഭാഗമായുള്ള ആദായ നികുതി ചട്ടത്തിലെ സെക്ഷന്‍ 269 എസ് ടി പ്രകാരം രണ്ട് ലക്ഷത്തിനു മുകളില്‍ പണം കൈമാറരുതെന്നാണ്.

ചെക്ക് നല്‍കിയോ, അകൗണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്‌തോ വേണം രണ്ടു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ നടത്താന്‍ എന്നാണ് നിയമം. എന്നാൽ ഏത് ലംഘിച്ചായിരുന്നു പി ടി തോമസിന്റെ മധ്യസ്ഥതയിൽ ഭൂമി ഇടപാട് നടത്താൻ ശ്രമിച്ചത്. തന്റെ സാന്നിധ്യത്തില്‍ ഇടപാട് സംസാരിക്കുമ്പോള്‍ രണ്ട് ബാഗുകളിലായി പണം അവിടെ ഉണ്ടായിരുന്നുവെന്ന് പി ടി തോമസ് സമ്മതിക്കുന്നുണ്ട്.

രണ്ടു ലക്ഷത്തിൽ കൂടുതൽ രൂപ നേരിട്ട് തുകയായി കൈമാറരുതെന്ന് നിയമം ഉള്ളപ്പോൾ നടത്താൻ പോകുന്നത് നിയമവിരുദ്ധമായ ഇടപാടാണെന്നു അദ്ദേഹത്തിന് വ്യക്തമായിരുന്നു. എന്നിട്ടും ഈ സാമ്പത്തികകുറ്റം നടക്കുമ്പോള്‍ എംഎല്‍എ പൊലീസിലോ ആദായനികുതി വകുപ്പിലോ അറിയിച്ചില്ല.

കഴിഞ്ഞ ഒക്ടോബര്‍ രണ്ടാം തീയതി നടന്ന ചര്‍ച്ചയിലാണ് 80 ലക്ഷം രൂപ വസ്തു വിലയായി രണ്ടു കൂട്ടരും സമ്മതിച്ചപ്രകാരം നിശ്ചയിക്കുന്നതെന്ന് പി ടി തോമസ് പറയുന്നുണ്ട്. എന്നാല്‍, പണം ചെക്ക് ആയോ അക്കൗണ്ടിലേക്ക് ഇട്ടോ കൈമാറിയാല്‍ മതിയെന്ന് തീരുമാനം എടുക്കുന്നുണ്ട്. ഇക്കാര്യം 500 രൂപ മുദ്രപത്രത്തിലും എഴുതി ചേര്‍ത്തിരുന്നു. പക്ഷേ, ഈ എഗ്രിമെന്റ് വ്യവസ്ഥ ലംഘിച്ചാണ് പണമായിട്ട് തന്നെ മുഴുവന്‍ തുകയും നല്‍കാന്‍ ശ്രമം നടന്നത്. ഇതിനിടയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ പി ടി തോമസ് സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. കള്ളപ്പണമാണെന്ന് വ്യക്തമായതായി ആദായനികുതി വാക്ക് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രാഥമിക റിപ്പോർട്ട് ഇ ടിക്ക് കൈമാറുകയും ചെയ്തിരുന്നു.

എന്നാൽ, പൊടുന്നനെ അന്വേഷണം നില്ക്കുകയായിരുന്നു. കേസ് ഒതുക്കാൻ എറണാകുളത്തെ ഒരു ബിജെപി നേതാവും ആദായനികുതി വകുപ്പിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനും ഇടപെടുകയായിരുന്നു. ഒരു മാധ്യമപ്രവർത്തകൻ വഴിയാണ് ഇതിന്റെ ചർച്ച നടന്നതെന്നാണ് അണിയറ സംസാരം. സംഭവത്തിൽ പി ടി തോമസിനെതിരെ ഇ ഡിക്കും ആദായനികുതിവകുപ്പിനും രേഖാമൂലം പരാതി ലഭിക്കുകയും ചെയ്തു. എന്നാൽ, ഇത് ഗൗനിക്കാൻ അധികൃതർ തയ്യാറായില്ല. കോൺഗ്രസ് നേതാവായ ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തിൽ കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നിട്ടും അത് ഗൗരവപൂർവം അന്വേഷിക്കാൻ എന്തുകൊണ്ടാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ തയ്യാറാകാത്തത്.

ഭൂമി വാങ്ങാൻ വന്ന കച്ചവടക്കാരനെതിരെയും ഗുരുതര പരാതികളും ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്. ഭീഷണിപ്പെടുത്തി ഭൂമി വാങ്ങൽ, പറഞ്ഞ വില കൊടുക്കാതെ കബളിപ്പിക്കൽ തുടങ്ങിയ പരാതികളും ഉണ്ട്. ഇതിനുപിന്നിൽ കോൺഗ്രസ് ബിജെപി രഹസ്യ ധാരണ തന്നെയാണ്. അതിന്റെ പ്രത്യുപകാരമാണ് നിയമസഭയിൽ പി ടി തോമസ് കാണിക്കുന്നതും.