മറൈൻ ഫിഷറീസ് ബിൽ 2021നെതിരെ പ്രതിഷേധം ശക്തം

0
78

മത്സ്യതൊഴിലാളികളുടെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെ പുനഃക്രമീകരിക്കുന്ന ഇന്ത്യൻ മറൈൻ ഫിഷറീസ് ബിൽ പാർലമെന്റിന്റെ ഇപ്പോൾ നടക്കുന്ന സെഷനിൽ (മൺസൂൺ) ‌അവതരിപ്പിക്കും. ബില്ലിനെതിരെ മത്സ്യതൊഴിലാളികളുടെ രാജ്യ വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് ബിൽ അവതരണവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. ബില്ലിന്റെ ഉള്ളടക്കങ്ങളും ബില്ല് തയ്യാറക്കാൻ കേന്ദ്ര സർക്കാർ നടത്തിയ വിവരശേഖരണ പ്രക്രീയയും രാജ്യവ്യാപക വിമർശനത്തിനും പ്രതിഷേധത്തിനുമിടയാക്കിയിരുന്നു.

ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച ക്ലോസുകളിലെ അവ്യക്തത, ലൈസൻസിംഗിന്റെയും രജിസ്ട്രേഷന്റെയും പ്രക്രിയയിലെ സങ്കീർണ്ണത, സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ദുർബലപ്പെടുത്തൽ, സംസ്ഥാനങ്ങൾക്ക് വരുമാനം നഷ്ടപ്പെടൽ, ലംഘനങ്ങൾക്കുമേലുള്ള കർശനമായ ശിക്ഷാനടപടികൾ, മത്സ്യത്തൊഴിലാളികൾ മേൽ എർപ്പെടുത്തുന്ന കർശന നിയന്ത്രണങ്ങൾ എന്നിവ മത്സ്യത്തൊഴിലാളികളുടെ സ്വഭാ​വിക ജീവത സാഹചര്യങ്ങൾ തകിടം മറിക്കുമെന്നും അതീജീവനം പ്രയാസകരമായിരിക്കുമെന്നുമാണ് ബില്ലിനെതിരെ ഉയരുന്ന വിമർശനങ്ങൾ.

മത്സ്യതൊഴിലാളി വിഭാ​ഗത്തിന്റെ താൽപ്പര്യത്തിന് സംരക്ഷിക്കുന്നതിനപ്പുറം വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ നയങ്ങൾ പാലിക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് ”നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം പ്രവർത്തകൻ സിദ്ധാർത്ഥ് ചക്രവർത്തി ബില്ലിനെ വിമർശിച്ച് രം​ഗത്തുവന്നിരുന്നു. ബില്ല് ഈ പ്രത്യക സമുദായത്തിന്റെ ഒരു താൽപര്യങ്ങളും സംരക്ഷിക്കില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹത്തിന്റെ പ്രതികരണമുണ്ടായിരുന്നു.

സ്വീകാര്യമായ ലൈസൻസിംഗ് പ്രക്രിയ തീരുമാനിക്കാൻ വിവിധ മത്സ്യത്തൊഴിലാളി സംഘടനകൾ, സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പുകൾ ഉൾപ്പെടെ സംയുക്തമായി ഇരിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.