ബി.ടെക്. ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കിയ ഉത്തരവിന് സ്റ്റേ

0
94

സാങ്കേതിക സർവകലാശാല നടത്തുന്ന ബി.ടെക്. ഒന്നും മൂന്നും സെമസ്റ്ററുകളിലെ പരീക്ഷകൾ റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഈ പരീക്ഷകൾ നേരത്തേ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തടസ്സമില്ലാതെ നടത്താമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.

സിംഗിൾ ബെഞ്ചിന്റെ വിധിയെത്തുടർന്ന് ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിയിരുന്നു. ഈ പരീക്ഷ പുതിയ വിജ്ഞാപനമിറക്കി നടത്തണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. യു.ജി.സി. മാർഗനിർദേശങ്ങൾ പാലിക്കാതെ ബി.ടെക്. ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ ഓഫ് ലൈനായി നടത്തുന്നതു ചോദ്യംചെയ്ത് ചില വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് കഴിഞ്ഞദിവസം പരീക്ഷകൾ റദ്ദാക്കിയത്. ഇതിനെതിരേ സാങ്കേതിക സർവകലാശാലാ വി.സി. നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

ഓഫ് ലൈനായി പരീക്ഷ നടത്തരുതെന്ന് യു.ജി.സി. നിഷ്‌കർഷിച്ചിട്ടില്ലെന്നും സാഹചര്യം കണക്കിലെടുത്ത് ഓൺലൈനായും ഓഫ് ലൈനായും പരീക്ഷ നടത്താമെന്നാണ് പറഞ്ഞിട്ടുള്ളതെന്നുമാണ് അപ്പീലിൽ പറഞ്ഞത്. ഓൺലൈൻ പരീക്ഷ കുറ്റമറ്റതാണെന്നു പറയാനാവില്ലെന്നും ഇത്തരത്തിൽ പരീക്ഷ നടത്താനുള്ള സോഫ്റ്റ്‌വേർ തയ്യാറാക്കാൻ ഒരുവർഷം വേണ്ടിവരുെമന്നും സർവകലാശാല വാദിച്ചു. ഇതു കണക്കിലെടുത്താണ് വിധി സ്റ്റേ ചെയ്തത്.