വിള ഇൻഷുറൻസ് പദ്ധതിയിൽ കൂടുതൽ കൃഷിയിനങ്ങളെ പരിഗണിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. വാണിജ്യ പുഷ്‌പകൃഷി, പപ്പായ, റംബൂട്ടാൻ, പേര, സപ്പോട്ട, പാഷൻഫ്രൂട്ട് മുതലായ ചെറുഫല വിളകളും ചേമ്പ്, കാച്ചിൽ, കൂർക്ക തുടങ്ങിയ കിഴങ്ങ് വർഗങ്ങൾ, തേനീച്ച കൃഷി, കോലിഞ്ചി എന്നിവയും ഉൾപ്പെടുത്തുന്നത് പരിഗണിക്കുന്നു. 27 വിളയാണ് നിലവിൽ പദ്ധതിയിലുള്ളതെന്ന് ചോദ്യോത്തര വേളയിൽ മന്ത്രി അറിയിച്ചു.
ഈ വിളകളുടെ അടിസ്ഥാനവില വർധനയും പരിശോധിക്കുന്നു. പുതിയ വിളകൾക്ക് അടിസ്ഥാനവില നിർണയിക്കും. താങ്ങുവിലയ്‌ക്ക് കേന്ദ്രസഹായമില്ല. സബ്‌സിഡി പൂർണമായും സംസ്ഥാന ഫണ്ടാണ്.ഓണക്കാല കൃഷിയുടെ ഭാഗമായി 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റും 150 ലക്ഷം പച്ചക്കറി തൈകളും സൗജന്യമായി നൽകി.
ഉത്സവകാലങ്ങളിൽ കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾക്ക് പൊതുവിപണിയിലെ വിലയേക്കാൾ 10 ശതമാനം അധികം നൽകും. വിൽപ്പനയിൽ പൊതുവിപണിവിലയിൽനിന്ന് 30 ശതമാനം കുറയ്‌ക്കും. വിഷമുക്ത പച്ചക്കറികൾക്ക് ഓണക്കാല പ്രത്യേക വിപണി തുറക്കുമെന്നും ഇ ചന്ദ്രശേഖരൻ, പി ബാലചന്ദ്രൻ, ഇ ടി ടൈസൺ, സി സി മുകുന്ദൻ എന്നിവർക്ക് മന്ത്രി മറുപടി നൽകി.
തൊഴിലുറപ്പ് പദ്ധതിയെ നെല്ലുൽപ്പാദനവുമായി സംയോജിപ്പിക്കുന്നത് പരിശോധിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. 180 ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനും അഞ്ച് അഗ്രോ ഇക്കോളജിക്കൽ സോണും 23 അഗ്രോ ഇക്കോളജിക്കൽ യൂണിറ്റും രൂപീകരിക്കും. 2012-–-13ൽ 5,68,993 ടണ്ണായിരുന്ന നെല്ലുൽപ്പാദനം 2019-–-20ൽ 6,54,041 ടണ്ണായി. ഇതിൽ കുടുംബശ്രീയുടെ ഇടപെടൽ മികച്ചതാണ്.
സംഭരിക്കുന്ന നെല്ലിന്റെ വില നൽകുന്നതിലുള്ള കാലതാമസം പരിഹരിക്കും. വയനാട്ടിലെ നേന്ത്രക്കായ വില നിശ്ചയിക്കുന്നതിൽ വിവേചനമില്ല. പരാതികൾ പരിശോധിക്കും. ഹോർട്ടികോർപ്പിന് കാസർകോട് ജില്ലയിൽ സംഭരണ കേന്ദ്രം ആരംഭിക്കും. കൈതച്ചക്കയ്ക്ക് താങ്ങുവില ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിനെ സമീപിക്കും.
ഹോർട്ടികോർപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലകളിൽ അസിസ്റ്റന്റ് ഡയറക്ടർമാരെ നിയമിക്കുമെന്നും മോൻസ് ജോസഫ്, പി ജെ ജോസഫ്, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, കെ യു ജനീഷ് കുമാർ, കെ ഡി പ്രസേനൻ, സി എച്ച് കുഞ്ഞമ്പു, കാനത്തിൽ ജമീല, ടി സിദ്ദീഖ്, കെ കെ രമ, ഷാഫി പറമ്പിൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി എസ് സുപാൽ എന്നിവർക്ക് മന്ത്രി മറുപടി നൽകി.
നൂറിൽപ്പരം കൃഷി ഓഫീസർമാരുടെയും അഗ്രികൾച്ചറൽ അസിസ്റ്റന്റ്മാരുടെയും ഒഴിവുകളിൽ ഉടൻ താൽക്കാലിക നിയമനം നടത്തും. കൃഷി ഓഫീസർ ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്‌വഴി താൽക്കാലിക നിയമനത്തിന് പിഎസ്‌സി അനുമതിയായി. അഗ്രികൾച്ചർ അസിസ്‌റ്റന്റ് ഒഴിവുകളിൽ നിയമനത്തിന് ഉദ്യോഗാർഥികളുടെ കൂടിക്കാഴ്‌ച നടത്തും. റാങ്ക് പട്ടിക സ്‌റ്റേ ചെയ്‌തതിനാലാണിതെന്നും മന്ത്രി അറിയിച്ചു.