കാസർകോട്ട് ചേട്ടന്റെ കുത്തേറ്റ് അനുജൻ മരിച്ചു. സീതാംഗോളിക്കടുത്ത മുഗുവിലാണ് സംഭവം. ഉറുമിയിലെ ചെർള ഉസ്താദ് എന്ന അബ്ദുല്ല മുസ്ലിയാരുടെ മകൻ ഇഞ്ചു എന്ന നിസാർ (35) ആണ് മരിച്ചത്. നിസാറിന്റെ സഹോദരൻ റഫീഖ് ഓടി രക്ഷപെട്ടു. ഇയാൾക്കായി അന്വേഷണം തുടങ്ങി. വാക്കുതർക്കത്തിനിടെ റഫീഖ് നിസാറിനെ കുത്തുകയായിരുന്നു.
റഫീഖും നിസാറും തമ്മിൽ ചെറിയ തർക്കം ഉണ്ടായിരുന്നു. ശനിയാഴ്ച പകൽ ഒന്നരയോടെ ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കം ഉണ്ടായി. ഇതിനിടയിൽ റഫീഖ് അടുക്കളയിൽ നിന്നും കത്തിയെടുത്ത് നിസാറിനെ കുത്തിവീഴ്ത്തുകയായിരുന്നു.
ഏതാനും കേസുകളിൽ പ്രതിയായ നിസാർ അടുത്തിടെയാണ് ജയിലിൽ നിന്നുമിറങ്ങിയത്. കുമ്പള പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.