ലോക കായിക മാമാങ്കത്തിന് ഇന്ന് തുടക്കം, ആവേശത്തിൽ കായിക പ്രേമികൾ

0
62

 

കോവിഡ് വ്യാപനത്തിനിടയിൽ ലോക കായിക മാമാങ്കത്തിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക.

ടോക്യോ രണ്ടാം തവണയാണ് ഒളിമ്പിക്‌സ് വേദിയാകുന്നത്. ഈ വർഷം സ്‌കേറ്റ്‌ബോർഡിംഗ്, കരാട്ടെ, സർഫിംഗ്, സ്‌പോർട്ട് ക്ലൈംബിംഗ് തുടങ്ങിയ മത്സര ഇനങ്ങളും ഒളിമ്പിക്‌സിന്റെ ഭാഗമാണ്. ഈ തവണ 42 വേദികളിലായി 33 കായിക ഇനങ്ങളിൽ 339 മത്സരങ്ങളാണ് നടക്കുക.

അൻപതിൽ താഴെ അത്‌ലറ്റുകൾ മാത്രമായിരിക്കും ഇന്ത്യയെ പ്രതിനിധീകരിച്ച് ഉദ്ഘാടന ചടങ്ങിനുണ്ടാകുക. എം.സി മേരി കോം, മൻപ്രീത് സിംഗ് എന്നിവരാണ് ഇന്ത്യൻ സംഘത്തെ നയിക്കുക. ജാപ്പനീസ് അക്ഷരമാലക്രമം അനുസരിച്ച് ഇരുപത്തിയൊന്നാമതായാണ് ഇന്ത്യ എത്തുക.

കാണികളില്ലാതെ ആരവമില്ലാതെയാണ് ഒളിയമ്പിക്സ്‌ നടക്കുന്നത്. പതിവായി കെങ്കേമമാക്കുന്ന ഉദ്ഘാടന ചടങ്ങിലും ഗ്യാലറികൾ ഒഴിഞ്ഞു കിടക്കും. രാഷ്ട്രത്തലവൻമാരും പ്രതിനിധികളും സ്‌പോൺസർമാരും ഒളിമ്പിക് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ ആയിരത്തിൽ താഴെ ആളുകൾക്കാണ് പ്രവേശനം.

അറുപതിനായിരത്തോളം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഷിൻജുകുവിലെ ന്യൂ നാഷണൽ സ്‌റ്റേഡിയത്തിൽ ശൂന്യത നിഴലിക്കുമെന്നുറപ്പാണ്. എന്നിരുന്നാലും പതിവ് ചടങ്ങുകൾക്കൊപ്പം ജപ്പാന്റെ സാംസ്‌കാരിക തനിമ പ്രകടമാക്കുന്നതാകും ഉദ്ഘാടനത്തിലെ കലാപരിപാടികൾ.

ടോക്യോയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, മംഗോളിയയുടെ പ്രധാനമന്ത്രി എർഡേൻ, അമേരിക്കയുടെ പ്രഥമ വനിത ജിൽ ബൈഡൻ തുടങ്ങി പ്രമുഖരുടെ നീണ്ട നിരയെ പ്രതീക്ഷിക്കാം. നാല് മണിക്കൂർ നീളുന്നതാണ് ഉദ്ഘാടന ചടങ്ങ്.