കെഎസ്ആർടിസിയുടെ ബസുകൾ സർവീസ് സമയത്ത് ബ്രേക്ക് ഡൗൺ അല്ലെങ്കിൽ ആക്സിഡൻറ് കാരണം തുടർ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള നിർദ്ദേശം നൽകിയതായി സിഎംഡി അറിയിച്ചു.
ബ്രേക്ക് ഡൗണോ , ആക്സിഡന്റോ കാരണം ദീർഘദൂര യാത്രക്കാർ ഉൾപ്പെടെ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കി കെഎസ്ആർടിസി ബസിനോട് യാത്രക്കാർക്കുള്ള വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉടൻ തന്നെ പകരം യാത്രാ സൗകര്യം ഒരുക്കും.
ഒരു കാരണവശാലും ഇനി മുതൽ അപകടമോ, ബ്രേക്ക് ഡൗൺ കാരണമോ യാത്രക്കാരെ (ഒഴിച്ച് കൂടാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഒഴികെ ) പരമാവധി 30 മിനിറ്റിൽ കൂടുതൽ വഴിയിൽ നിർത്തില്ല. ഇങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തിൽ ഉടൻ തന്നെ പകരം സംവിധാനം ഏർപ്പെടുത്തി യാത്ര ഉറപ്പാക്കും.
മുൻകൂർ റിസർവേഷൻ ഏർപ്പെടുത്തിയ സർവീസുകൾ മുന്നറിയിപ്പില്ലാതെ യാത്ര തുടങ്ങും മുമ്പ് ക്യാൻസൽ ചെയ്യുന്നതായുള്ള പരാതിയും ഇനി മുതൽ ഉണ്ടാകില്ല. മുൻകൂർ റിസർവേഷൻ ചെയ്ത സർവീസുകൾ മുടക്കം കൂടാതെ തന്നെ നടത്തുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിക്കഴിഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിൽ ബ്രേക്ക് ഡൗണോ, ആക്സിഡന്റ് കാരണമോ ഉണ്ടാകുന്ന അടിയന്തര പ്രശ്നം നേരിടാനുള്ള നിർദ്ദേശവും നൽകി. കെഎസ്ആർടിസി ബസുകൾ യാത്രാവേളയിൽ ബ്രേക്ക് ഡൗൺ അല്ലെങ്കിൽ ആക്സിഡന്റ് ആകുന്ന പക്ഷം കണ്ടക്ടർമാർ അഞ്ചു മിനിറ്റിനകം തന്നെ ഈ വിവരം കൺട്രോൾ റൂമിൽ അറിയിക്കണം. അതിന്റെ അടിസ്ഥാനത്തിൽ കൺട്രോൾ റൂമിൽ നിന്നും ഉടൻ തന്നെ തൊട്ടടുത്ത ഡിപ്പോയിൽ അറിയിക്കുകയും തുടർന്ന് 15 മിനിറ്റിനകം പകരം സംവിധാനം ഏർപ്പെടുത്തുകയും ചെയ്യും.
ദീർഘദൂര ബസുകൾ സർവീസിനിടയിൽ ബ്രേക്ക് ഡൗൺ ആകുന്ന സാഹചര്യത്തിൽ തൊട്ടടുത്ത ഡിപ്പോയിൽ നിന്നും പകരം ബസ് എടുത്ത് സർവീസ് തുടരാനുള്ള നടപടികൾ കൺട്രോൾ റൂമിൽ നിന്നും ബന്ധപ്പെട്ട ഡിപ്പോയെ അറിയിച്ച് ലഭ്യമാക്കും.
സർവീസ് നടത്തിയ ബസിന്റെ അതേ ക്ലാസിൽ ഉള്ള ബസ് ലഭ്യമായില്ലെങ്കിൽ താഴത്തെയോ, മുകളിലത്തെയോ ശ്രേണിയിൽ ലഭ്യമായ ബസ് ഏതാണോ ലഭിക്കുക അത് ഉപയോഗിച്ച് തൊട്ടടുത്ത ഡിപ്പോ വരെ സർവീസ് തുടരുന്നതിനുള്ള നടപടി സ്വീകരിക്കും. തുടർന്ന് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസർമാരെ വിവരം അറിയിച്ച് പകരം സംവിധാനം അടുത്ത ഡിപ്പോയിൽ നിന്നും ഒരുക്കും.
അതിന്റെ ഉത്തരവാദിത്തം ആ യൂണിറ്റിലെ ഡിറ്റിഒ, എറ്റിഒമാർക്ക് ആയിരിക്കും. ഒരു സർവീസിന്റെ ഓൺവേർഡ് ട്രിപ്പിൽ ബ്രേക്ക് ഡൗൺ , ആക്സിഡന്റ് എന്നിവ കാരണം സർവീസ് മുടങ്ങിയാൽ ഈ സർവീസിന്റെ റിട്ടേൺ ട്രിപ്പിൽ മുൻകൂട്ടി റിസർവേഷൻ ഉണ്ടെങ്കിൽ കണ്ടക്ടർമാർ ഈ വിവരം കൺട്രോൾ റൂമിൽ അറിയിക്കുകയും അവിടെ നിന്നും ഉടൻ തന്നെ ആ യൂണിറ്റിലെ ഓഫീസറെ അറിയിച്ച് പകരം സംവിധാനം ഒരുക്കി റിട്ടേൺ ട്രിപ്പ് മുടക്കം കൂടാതെ നടത്തുകയും വേണം.
യാത്രാക്കാർക്ക് തന്നെ വിവരങ്ങൾ കെഎസ്ആർടിസി കൺട്രോൽ റൂമിൽ വിളിച്ച് അറിയിക്കാനും, ചിത്രങ്ങൾ ഉൾപ്പെടെ കെഎസ്ആർടിസിയുടെ വാട്ട്സ് ആപ്പ് നമ്പരിൽ അയക്കുവാനുള്ള സൗകര്യവും ലഭ്യമാണ്.കെഎസ്ആർടിസി കൺട്രോൾ റൂം- 9447071021,0471- 2463799 വാട്ട്സ്അപ്പ് നമ്പർ- 81295 62972