ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് പേർ മരിച്ചു. നാല് പേരെ കാണാതായി. ഉത്തരകാശി ജില്ലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്.
കനത്ത മഴയിൽ മാണ്ഡോ ഗ്രാമത്തിലെ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. കാണാതായവരിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും ഉൾപ്പെടുന്നതായി സംസ്ഥാന ദുരന്ത നിവാരണ സേന ഇൻസ്‌പെക്ടർ ജഗദംബ പ്രസാദ് പറഞ്ഞു.
ഉത്തരേന്ത്യയിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞ ദിവസം ഐ.എം.ഡി പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ഉത്തരകാശിയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടാവുകയും ഗംഗോത്രി ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.