വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യത, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
91

വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നു.

അതേസമയം ബുധനാഴ്ച ബംഗാൾ ഉൾകടലിൽ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂനമർദം രണ്ട് ദിവസം വൈകി ജൂലൈ 23 ഓടെയായിരിക്കും രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

എന്നാലും മഹാരാഷ്ട്ര മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെ സ്വാധീനത്തിൽ കേരളത്തിൽ പ്രത്യേകിച്ച് മധ്യ വടക്കൻ കേരളത്തിൽ മഴ തുടരാനാണ് സാധ്യത. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും മണിക്കൂറിൽ പരമാവധി 60 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് വ്യാഴാഴ്ച വരെ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം.