പള്ളാത്തുരുത്തിക്ക് അടുത്ത് കായലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന അനിത ആത്മഹത്യ ചെയ്തതാകുമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകള്‍ കേസില്‍ വഴിത്തിരിവാവുകയായിരുന്നു . അമ്പലപ്പുഴ പുന്നപ്ര തെക്ക് സ്വദേശി അനിത(32)യുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസില്‍ അനിതയുടെ കാമുകന്‍ നിലമ്പൂര്‍ സ്വദേശി പ്രബീഷ്, ഇയാളുടെ മറ്റൊരു കാമുകി രജനി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു
സംഭവത്തെക്കുറിച്ച് പൊലീസ് ഭാഷ്യം ഇങ്ങനെ : പ്രബീഷും രജനിയും ഏറെ നാളായി ഒന്നിച്ചാണ് താമസം. ഇതിനിടെയാണ് പുന്നപ്ര സ്വദേശി അനിതയെ പാലക്കാടുവച്ച് പ്രബീഷ് പരിചയപ്പെട്ടത്. ഇരുവരും പല സ്ഥലങ്ങളിലായി ഒന്നിച്ചുതാമസിച്ചു. ഗർഭിണിയായതോടെ വിവാഹം ചെയ്യണമെന്ന് അനിത ആവശ്യപ്പെട്ടു. വിവാഹത്തിന് താൽപ്പര്യമില്ലെന്ന അറിയിച്ച പ്രബീഷ് ഗർഭം ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു.
ഇതോടെ ആദ്യ കാമുകി രജനിയുമൊത്ത് കൊലപാതകം ആസൂത്രണംചെയ്‌തു. വെള്ളിയാഴ്‌ച അനിതയെ തോട്ടുവാത്തലയിലെ രജനിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയത്. രാത്രിയോടെ മൃതദേഹം പള്ളാത്തുരുത്തി അരയൻതോടിന് സമീപം പൂക്കൈതയാറ്റിൽ തള്ളുകയായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് പറഞ്ഞു.
ആറു മാസം ഗര്‍ഭിണിയായിരുന്ന അനിതയുടെ കഴുത്തില്‍ ബലം പ്രയോഗിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും തൈറോയിഡ് ഗ്രന്ഥിക്ക് പരിക്കുണ്ടെന്നുമായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ അനിതയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. ഈ വിവരങ്ങളില്‍നിന്നാണ് അന്വേഷണം പ്രബീഷിലേക്കെത്തിയത്. പ്രതികളെ സംഭവസ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തു.
അമ്പലപ്പുഴ ഡിവൈഎസ്‌പി എസ് സുരേഷ്‌കുമാറിന്റെ മേൽനോട്ടത്തിൽ നെടുമുടി സിഐ എ വി ബിജു, പുന്നപ്ര സിഐ യഹിയ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.