സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മത്സ്യബന്ധനത്തിനും വിലക്ക്

0
68

 

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ സംസ്ഥാനത്ത് എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും മണിക്കൂറിൽ പരമാവധി 65 കിലോമിറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്.

കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ നിന്ന് വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലാക്രമണ ഭീഷണിയും നിലനിൽക്കുന്നതിനാൽ എല്ലാ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.