അപൂർവ രോഗം ബാധിച്ച് ചികിത്സയിലായ അഫ്രക്കും സഹോദരൻ മുഹമ്മദിനും സുമനസ്സുകളുടെ സഹായ പ്രവാഹം. മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി ലഭിച്ചു.കുഞ്ഞ് മുഹമ്മദിന്റെ വാർത്ത വന്നതോടെ ഇവർക്ക് വിവിധ കോണുകളിൽ നിന്ന് ഇവർക്ക് സഹായം ഒഴുകുകയായിരുന്നു. സോഷ്യൽമീഡിയയിലും ധനസമാഹരണത്തിന് സഹായകരമായി.
സിനിമ, രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ളവർ സഹായത്തിനായി കൈകോർത്തു. കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരന് മുഹമ്മദിന് ജീവിതത്തിലേക്ക് തിരികെയെത്തണമെങ്കിൽ ലോകത്ത് ഏറ്റവും വിലകൂടിയ മരുന്ന് കിട്ടിയാലേ സാധിക്കൂ.
പേശികളെ ക്ഷയിപ്പിക്കുന്ന സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാൻ സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടത്. ഈ മരുന്ന് ഇന്ത്യയിലെത്തണമെങ്കിൽ 18 കോടി രൂപ ചെലവ് വരും.
റഫീഖിന്റെ മൂത്ത മകൾ അഫ്രയ്ക്കും ഇതേ അട്രോഫി രോഗമാണ്. ഒന്ന് അനങ്ങാനാകാതെ പതിനാല് കൊല്ലമായി വീൽചെയറിയിൽ കഴിയുന്ന അഫ്രയുടെ ഇപ്പോഴത്തെ ആധിയത്രയും കുഞ്ഞനിയനെ ഓർത്താണ്.
രണ്ട് വയസിന് മുൻപ് മുഹമ്മദിന് സോൾജെൻസ്മാ എന്ന മരുന്ന് ഒരു ഡോസ് നൽകിയാൽ രോഗം ഭേദമാകുമെന്ന് വിദഗ്ധർ പറയുന്നു. പക്ഷെ വിദേശത്ത് നിന്ന് എത്തിക്കേണ്ട മരുന്നിന് വേണ്ടത് പതിനെട്ട് കോടിയാണ്. മകനെ ജീവിതത്തിലേക്ക് തിരിച്ച് പിടിക്കാൻ സൌമനസുകളുടെ സഹായമാണ് ഈ പിതാവ് ആവശ്യപ്പെട്ടത്.
പൈസ ലഭിച്ചതിനാൽ അക്കൗണ്ട് ക്ലോസ് ചെയ്തുവെന്നും ആരും ഇനി പണം അയക്കരുതെന്നും കുടുംബം എല്ലാവരുടെയൂം പ്രാർത്ഥന ഉണ്ടാവണമെന്നും കുടുംബം അറിയിച്ചു.