വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടുത്ത്/ ഹാൻഡ് ഫ്രീ ഡിവൈസുകൾ ഉപയോഗിച്ച് ഫോൺ ചെയ്യുന്നത് കുറ്റകരം തന്നെയെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡിജിപി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോൺ ചെയ്താൽ ലൈസൻസ് റദ്ദാക്കുമെന്ന മോട്ടോർ വാഹനവകുപ്പിന്റെ അറിയിപ്പ് ചർച്ചയായിരുന്നു. ബ്ലൂടൂത്തിൻെറ സഹായത്തോടെയുള്ള ഫോൺ സംസാരവും കുറ്റകരമാണെന്നാണ് വിശദീകരണം.
നേരത്തെ ഫോൺ ചെവിയോട് ചേർത്ത് സംസാരിച്ചാൽ മാത്രമേ കേസെടുത്തിരുന്നുള്ളു. വാഹനത്തിലെ സ്പീക്കറുമായി ഫോണിനെ ബന്ധിപ്പിച്ച് സംസാരിക്കുന്നത് അപകടങ്ങൾക്ക് കാരണമാവുന്നുവെന്നതിനാലാണ് നടപടി.
ഇതിനെതിരെ മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഇത് നടപ്പാക്കിയിരുന്നില്ല. വാഹനങ്ങളിലെ മ്യൂസിക് സിസ്റ്റത്തിലേക്ക് ഫോൺ ബ്ലൂടൂത്ത് ഉപയോഗിച്ച് ബന്ധിപ്പിക്കാനാവും.
ഇതുവഴി സംസാരിക്കാനും പ്രയാസമില്ല. എന്നാൽ, വാഹനം ഓടിക്കുേമ്പാൾ ഡ്രൈവറുടെ ശ്രദ്ധ മാറാൻ സാധ്യതയുണ്ടെന്നും അതിനാൽ ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള സംസാരം ഒഴിവാക്കണമെന്നുമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം.