- കെ വി
നസ്രേത്തിൽനിന്ന് നന്മ പ്രതീക്ഷിക്കാമോ എന്ന പഴയൊരു ചോദ്യവും ചൊല്ലുമുണ്ട് . അത്രമേൽ അസാംഗത്യമുള്ളതാണ് ആർ എസ് എസ് മനോഭാവമുള്ളവരിൽനിന്ന് രാഷ്ട്രീയമാന്യത ആഗ്രഹിക്കലും. മഹാത്മാ ഗാന്ധിയെ നിന്ദിക്കുകയും ഗോദ്സെയെ വന്ദിക്കുകയും ചെയ്യുന്ന കൂട്ടർക്ക് എന്ത് നീതിബോധം …! അതിസമ്പന്ന കോർപ്പറേറ്റ് മുതലാളിമാർക്ക് ദാസ്യവേല ചെയ്യുന്ന കേന്ദ്രഭരണാധികാരികൾക്ക് കർഷകരുടെ ജീവൽപ്രശ്നമുയർത്തിയുള്ള പ്രക്ഷോഭത്തോട് അമർഷം തോന്നുക സ്വാഭാവികമാണ്.
പല സംസ്ഥാനങ്ങളിൽനിന്നായെത്തിയ സാധാരണക്കാരായ കർഷകലക്ഷങ്ങൾ രാജ്യതലസ്ഥാനം വളഞ്ഞ് ഐതിഹാസിക പ്രക്ഷോഭമാരംഭിച്ചിട്ട് രണ്ടരമാസത്തിലധികമായി. സമരം പൊളിക്കാനുള്ള സംഘപരിവാറിന്റെ സകല ഭിന്നിപ്പിക്കൽ തന്ത്രങ്ങളെയും കേന്ദ്ര ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളെയും അതിജീവിച്ചാണ് അവർ ത്യാഗനിർഭരമായ പോരാട്ടം തുടരുന്നത്.
ഡെൽഹിയിലെ കൊടുംതണുപ്പിൽ പിടിച്ചുനില്ക്കാനാവാതെ സമരം താനേ കെട്ടടങ്ങിക്കൊള്ളും എന്നായിരുന്നു ആദ്യം ഭരണമേധാവികളുടെ ധാരണ. അത് വൈകാതെ തിരുത്തേണ്ടിവന്നതോടെ കുടിവെള്ളവും വൈദ്യുതിവെളിച്ചവും മൊബൈൽ ഫോൺ ബന്ധവുമെല്ലാം വിഛേദിച്ച് ക്രൂര പീഡനങ്ങളിലേക്ക് നീങ്ങി ; ഒപ്പം കൃഷിക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ആസൂത്രിത നുണപ്രചാരവേലയിലേക്കും. അതിനെയൊക്കെ നേരിട്ട് വിവരണാതീതമായ ക്ലേശങ്ങൾ സഹിച്ചുള്ള സമരത്തിൽ നൂറിലേറെ കൃഷിക്കാർ മരിച്ചു. ഇത്രയുമായിട്ടും കരിനിയമങ്ങൾ പിൻവലിച്ച് സമരം ഒത്തുതീർപ്പാക്കാത്ത കേന്ദ്ര ധാർഷ്ഠ്യത്തിനെതിരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് കടുത്ത വിമർശനം ഉയരുകയാണ്. അതുമൂലമുള്ള ജാള്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിന്റെ പുളിച്ചുതേട്ടലാണ് “കർഷകർക്ക് പിന്നിൽ സമരജീവികളാണെ”ന്ന പരിഹാസപൂർവമുള്ള അധിക്ഷേപം .
കാർഷികമേഖലയെ വൻകിട കുത്തക കമ്പനികളുടെ സ്വൈരവിഹാരത്തിന് പതിച്ചുകൊടുക്കുന്ന കരിനിയമങ്ങൾക്കെതിരെയാണ് കൃഷിക്കാരുടെ പോരാട്ടം. കക്ഷിഭേദവും മറ്റു വിഭാഗീയചിന്തകളുമെല്ലാം മറന്നാണ് അവർ ചലോ ദില്ലി മാർച്ചിൽ ഇറങ്ങിപ്പുറപ്പെട്ടത്. പ്രതിപക്ഷത്തിന്റെ മാത്രമല്ല, കേന്ദ്രത്തിൽ വാഴുന്ന എൻ ഡി എ യിലെ ചില ഘടക കക്ഷികളുടെവരെ ധാർമികപിന്തുണയും സമരത്തിനുണ്ട്. കർഷകദ്രോഹ നയത്തിൽ പ്രതിഷേധിച്ച്, പഞ്ചാബിൽ നല്ല ജനസ്വാധീനമുള്ള ശിരോമണി അകാലി ദൾ ഉൾപ്പെടെ മൂന്നുകക്ഷികൾ ഇതിനകം ആ മുന്നണി വിട്ടുകഴിഞ്ഞു. കർഷക രുന്നയിച്ച ആവശ്യങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈയിടെ നടന്ന രാജ്യവ്യാപകമായ വഴി തടയൽ അതിരറ്റ ജനപിൻബലത്തിന്റെ തെളിവായിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ഡെൽഹിയിൽ നടന്ന കിസാൻ പരേഡാകട്ടെ, സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും ആവേശകരമായ അതുല്യ ജനമുന്നേറ്റമായിരുന്നു. ലോകശ്രദ്ധയാകർഷിച്ച അത്ര മഹത്തായൊരു പ്രക്ഷോഭത്തെയാണ് പ്രധാനമന്ത്രി ഇകഴ്ത്തിക്കാട്ടാൻ ശ്രമിക്കുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയടക്കം എതിർത്ത പഴയ ഹിന്ദുസമാജത്തിന്റെ പാരമ്പര്യത്തിലാണല്ലോ ബി ജെ പി ഇപ്പോഴും അഭിരമിക്കുന്നത്. ദേശീയ പ്രക്ഷോഭത്തെ പിന്നിൽ നിന്ന് കുത്തി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് പാദസേവചെയ്ത ഒറ്റുകാരൻ ഗോൾ വാൾക്കറെ ആദരിക്കുന്ന നേതാവുമാണ് മോദി .
ഹൈന്ദവതയാണ് ദേശീയതയെന്ന് വാദിച്ച്, ബ്രിട്ടീഷ് വിരുദ്ധ ദേശീയപ്രസ്ഥാനത്തിന്റെ മതേതര പ്രവർത്തനങ്ങളെ ആർ എസ് എസ്സുകാരുടെ ഗുരുജി തള്ളിപ്പറഞ്ഞത് ചരിത്രരേഖകളിലുണ്ട്. മുസ്ലീംകൾക്കും ക്രൈസ്തവർക്കും കമ്യൂണിസ്റ്റുകാർക്കുമെതിരെ ഒരുമിച്ച് നിലകൊള്ളേണ്ട ഹിന്ദുത്വത്തിന്റെ . ശക്തി ചോർത്തിക്കളയുകയാണ് ദേശീയപ്രക്ഷോഭ നേതാക്കൾ ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അത്തരമൊരു വർഗീയ രാഷ്ട്രീയ വിചാരധാരയുടെ പിന്മുറക്കാർക്ക് കർഷകരുടെ ഒറ്റമനസ്സോടെയുള്ള യോജിച്ച പ്രക്ഷോഭത്തോട് അസഹിഷ്ണുത തോന്നുന്നതിൽ അതിശയമില്ല.