സംസ്ഥാനത്തെ പൊതുവിദ്യാലയത്തിൽ സ്‌കൂൾതല ഓൺലൈൻ ക്ലാസ്‌ ജൂലൈയിൽ ആരംഭിക്കും

0
106

സംസ്ഥാനത്തെ പൊതുവിദ്യാലയത്തിൽ സ്‌കൂൾതല ഓൺലൈൻ ക്ലാസ്‌ ജൂലൈയിൽ ആരംഭിക്കും. അധ്യാപകർക്ക്‌ ക്ലാസെടുക്കാനുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിർമാണം അവസാനഘട്ടത്തിലാണ്‌. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയ ഡിജിറ്റൽപ്ലാറ്റ്‌ഫോം ജൂലൈ 15നകം പുറത്തിറക്കും‌.

ഡിജിറ്റൽ ക്ലാസ്‌ ടെലിവിഷനിൽ ലഭ്യമാകുമെങ്കിലും തത്സമയ ക്ലാസിന്‌ സ്‌മാർട്ട്‌ഫോൺ, ലാപ്‌ടോപ്‌, ഡെസ്‌ക്‌ടോപ്‌ എന്നിവയിൽ ഒന്നും ഇന്റർനെറ്റ് കവറേജും ആവശ്യമാണ്‌. മലയോരമേഖലയിലും പിന്നോക്കപ്രദേശത്തും കവറേജ് ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സേവനദാതാക്കളുടെ യോഗം വിളിച്ച് നടപടിയെടുത്തിരുന്നു.

തദ്ദേശഭരണസ്ഥാപനം പഠന സൗകര്യം ഉറപ്പാക്കണമെന്ന്‌ മന്ത്രി എം വി ഗോവിന്ദനും നിർദേശിച്ചു. ഇല്ലാത്തവർക്ക്‌ പഠനത്തിനായി സംഘടനകളും കൂട്ടായ്‌മകളും സ്‌മാർട്ട്‌ഫോൺ വിതരണം ചെയ്യുന്നു‌.

സ്‌കൂളിലെ ലാപ്‌ടോപ്‌ എസ്ടി വിദ്യാർഥികൾക്ക്

സ്‌കൂളുകളിലുള്ള ഒരു ലക്ഷത്തോളം ലാപ്‌ടോപ്പും കംപ്യൂട്ടറും ആദിവാസി വിഭാഗം വിദ്യാർഥികൾക്ക്‌ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവിറക്കി. ഇവയുടെ സംരക്ഷണ ചുമതല ക്ലാസ് അധ്യാപകർക്കാകും.

ഉത്തരവ്‌ ലഭിച്ചവർക്ക് നിയമനം

സ്‌കൂൾതല ഓൺലൈൻ ക്ലാസ് ആരംഭിക്കുന്നതിന്‌ മുമ്പ്‌ അധ്യാപക നിയമന നടപടി പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ്‌ സർക്കാർ. നിയമന ഉത്തരവ്‌ ലഭിച്ചവർക്കെല്ലാം ഉടൻനിയമനം ലഭിക്കും.

ആദ്യ ഘട്ടം ക്ലാസ്‌ ആർക്ക്‌

സ്‌കൂൾതലത്തിൽ ആദ്യഘട്ടം ഏതെല്ലാം ക്ലാസിലെ വിദ്യാർഥികൾക്ക്‌ നൽകണമെന്നതിൽ തീരുമാനമായില്ല. 10, 12 ക്ലാസുകാർക്ക്‌ പ്രഥമ പരിഗണന നൽകണമെന്നാണ്‌ പൊതു നിർദേശം. ആദിവാസി, പിന്നോക്കമേഖലയിലെ വിദ്യാർഥികൾക്ക് ആദ്യം നൽകണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്‌.