അനിരുദ്ധ്.പി.കെ
ഓപ്പറേഷൻ രാമനാട്ടുകര കേരളത്തിൽ സ്വർണ്ണക്കടത്ത് സംഘങ്ങൾ നടപ്പിലാക്കിയ ആസൂത്രിതമായ കൊട്ടേഷനാണെന്ന് വ്യക്തമായി. യു എ ഇ യിൽ നിന്നുമുള്ള സ്വർണ്ണക്കടത്ത് സംഘങ്ങളുടെ കുടിപ്പകയാണ് അഞ്ച് പേരുടെ ജീവനെടുത്ത ഓപ്പറേഷൻ രാമനാട്ടുകര എന്ന സംഭവത്തിലേക്ക് നയിച്ചതെന്ന് വ്യക്തം. യു എ ഇ യിൽ നിന്നുമുള്ള സ്വർണ്ണക്കടത്ത് സംഘത്തലവൻ മൊയ്ദീന്റെ കുടിപ്പകയാണ് പരസ്പരം തിരിച്ചറിയാത്ത കൊട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ചുള്ള ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ കൊട്ടേഷൻ. നികുതി വെട്ടിച്ച് സ്വർണ്ണം കടത്തുന്നതിൽ വിരുദ്ധനായ മൊയ്ദീൻറെ സ്വർണ്ണം കസ്റ്റംസ് പിടിച്ചില്ലെങ്കിലും വിമാനത്താവളത്തിന് പുറത്ത് അനധികൃതമായി കടത്തുന്ന സ്വർണം “പൊട്ടിക്കാൻ” കാത്ത് നിൽക്കുന്ന സംഘങ്ങൾ പിടിക്കുന്നുണ്ടായിരുന്നു. പലകുറി ഇത്തരത്തിൽ സ്വർണ്ണം നഷ്ടപ്പെട്ടതോടെയാണ് മൊയ്‌ദീൻ ഇരുപത്തിയഞ്ച് ലക്ഷം രൂപയ്ക്ക് കൊട്ടേഷൻ നൽകിയത്. സംഗതി ലേക്ക് ആകാതിരിക്കാൻ തമ്മിൽ പരിചയമില്ലാത്ത കൊട്ടേഷൻ സംഘങ്ങളെയാണ് ഇതിനായി ഉപയോഗിച്ചത്.
ഒരു ഭാഗത്ത് അനസ് പെരുമ്പാവൂരും സംഘവും, മറുവശത്ത് ചരൽ ഫൈസലും അനുയായികളും, കൂടാതെ നിരവധി കൊട്ടേഷൻ ഗ്രൂപ്പുകളിലെ അംഗങ്ങളും അടങ്ങിയ ഒരു സംഘം അങ്ങനെ വിവിധ ഗ്രൂപുകളിൽ നിന്നായി പത്തിലധികം സംഘങ്ങൾ അടങ്ങിയതാണ് ഓപ്പറേഷൻ രാമനാട്ടുകരയിലെ ആസൂത്രിത വാഹനാപകടം. കരിപ്പൂര്‍ വഴി വരുന്ന സ്വര്‍ണ്ണം കൊടുവള്ളിയിലെത്തുന്നതിന് മുന്‍പ് പിടിച്ചെടുക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. റൂട്ട് മാപ്പും ചെയ്‌സും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്തിരുന്നു. ഇതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കൊട്ടേഷൻ സംഘങ്ങൾക്ക് ആവശ്യമായ സാമ്പത്തിക പിന്തുണയും ,മദ്യവും, രാഷ്ട്രീയ പിന്തുണയും ഉറപ്പാക്കുകയാണ് പ്രധാന കടമ്പ അതിൽ വിജയിച്ചു കഴിഞ്ഞാൽ ഇത്തരത്തിൽ സംഘങ്ങൾ രൂപീകരിക്കലാണ് അടുത്ത ഘട്ടം. ഓപ്പറേഷൻ രാമനാട്ടുകാരയ്ക്കും ഇത്തരത്തിൽ രാഷ്ട്രീയബന്ധമുണ്ടെന്ന് പോലീസ് വിലയിരുത്തുന്നു.എസ് ഡി പി ഐ, മുസ്ലിം ലീഗ് പ്രവർത്തകരും കേസിൽ ഉൾപ്പെട്ടിട്ടുള്ളതുമായ നിരവധി ആളുകൾ ഇപ്പോളും ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കുന്നു. രണ്ടരകിലോയോളം സ്വര്‍ണം കരിപ്പൂരില്‍ നിന്നും എയര്‍ ഇന്റലിജന്‍സ് വിഭാഗം യാത്രക്കാരനായ മുഹമ്മദ് ഷഫീഖില്‍ നിന്നും പിടികൂടിയിരുന്നു. ഈ സ്വര്‍ണത്തിനായാണ് സംഘങ്ങള്‍ മത്സരിച്ചതെന്നാണ് അന്വഷണസംഘത്തിന്റെ കണ്ടെത്തല്‍. നികുതി വെട്ടിച്ചെത്തുന്ന സ്വർണ്ണത്തിനുവേണ്ടി മത്സരിക്കുന്നതിനിടയിൽ അമിതവേഗതയിൽ പോയ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെടുകയായിരുന്നു എന്നായിരുന്നു ആദ്യത്തെ നിഗമനം.വാഹനത്തിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.
പണം മദ്ധ്യം മറ്റു സൗകര്യങ്ങൾ എന്നിവയൊരുക്കി, മൊയ്‌ദീൻ ആസൂത്രണം ചെയ്ത സിനിമ സ്റ്റൈൽ കൊട്ടേഷൻ ആദ്യം പാളിയത് വിമാനത്താവളത്തിലാണ്.ക്യാരിയറായ ഷെഫീക്കിനെ എയർ ഇന്റലിജൻസ് പിടികൂടിയതോടെയാണ് മൊയ്ദീന്റെ പദ്ധതി താളം തെറ്റിയത്. ഇതറിയാതെ പുറത്ത് കാത്ത് നിന്ന സംഘം ഷഫീക്കിനായി വന്ന വാഹനത്തിന് പിന്നാലെ പായുകയായിരുന്നു. അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്. കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നും എല്ലാവരെയും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.