ബിജെപി കുഴൽപ്പണക്കേസ്‌; ഒളിച്ചുകളിയുമായി വീണ്ടും ഇ ഡി

0
37

ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് ഒളിച്ചുകളി തുടരുന്നു. വിശദീകരണത്തിന് എൻഫോഴ്സ്മെൻറ് വീണ്ടും സാവകാശം തേടി. ഇത് മൂന്നാം തവണയാണ് ഇ.ഡി.സാവകാശം തേടുന്നത്. ബുധനാഴ്‌ച രണ്ടാഴ്‌ച സമയംകൂടി അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. കേസിൽ നേരത്തെ ഇ ഡിക്ക് കോടതി സാവകാശം അനുവദിച്ചിരുന്നു. കളളപ്പണത്തിൻ്റെ ഉറവിടം ഇ.ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് അശോക് മേനോനാണ് കേസ് പരിഗണിച്ചത്. പരാതി നൽകിയിട്ടും എൻഫോഴ്സ്മെൻറ് അന്വേഷണം നടത്തുന്നില്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

അതേസമയം, ബിജെപി നേതാക്കളുടെ സമ്മർദ്ദത്തെത്തുടർന്ന് മുട്ടിൽ മരംമുറി കേസിൽ ഇ ഡി കൊണ്ടുപിടിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ മറ്റെല്ലാ കേസുകളിലും ഇ ഡിയുടെ നിലപാട് ഇതുതന്നെയായിരുന്നു. എൽഡിഎഫ് സർക്കാരിനെതിരെ ദുരാരോപണം ഉന്നയിക്കാൻ ബിജെപിക്കൊപ്പം ഇ ഡിയും കൂട്ടായി പ്രയത്നിച്ചു. എന്നാൽ, ബിജെപി നേതാക്കൾ തന്നെ ഉൾപ്പെട്ട ശതകോടികളുടെ കുഴൽപ്പണം കടത്തിയ കേസിൽ ഇ ഡി ബോധപൂർവം മൗനം പാലിക്കുകയാണ്. ഇ ഡിയിലെ ചില ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ദാസ്യമാണ് ഇതിനുപിന്നിലെന്നാണ് ആരോപണം.