സംസ്ഥാനത്ത് കൊവിഡ് മൂലം രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ, വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മാതാപിതാക്കൾ രണ്ട് പേരും മരണപ്പെട്ട കുട്ടികൾക്കും അതോടൊപ്പം നേരത്തെ മാതാപിതാക്കളിൽ ഒരാൾ മരണപ്പെടുകയും ശേഷിച്ച ആൾ ഇപ്പോൾ കൊവിഡ് മൂലം മരണപ്പെട്ട് രക്ഷിതാക്കൾ പൂർണമായും നഷ്ടപ്പെട്ടതുമായ എല്ലാ കുട്ടികൾക്കുമാണ് സഹായം അനുവദിക്കുന്നത്.
വനിതാശിശു വികസന വകുപ്പിന്റെ ഫണ്ടിൽ നിന്നും 2000 രൂപ വീതം, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ കുട്ടിയുടെയും കുട്ടിയുടെ ഇപ്പോഴത്തെ രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേയ്ക്ക് മാസം തോറും നിക്ഷേപിക്കുന്നതാണ്. ഈ കുട്ടികളുടെ പേരിൽ മൂന്ന് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും തുടങ്ങും.
കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വഹിക്കുന്നതാണ്. ഈ ധനസഹായങ്ങൾക്ക് ആവശ്യമായി വരുന്ന അധിക തുക ധനവകുപ്പാണ് അനുവദിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കൊവിഡ് മഹാമാരിമൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടപ്പെടുകയും കുട്ടികൾ അനാഥരാകുകയും ചെയ്യുന്ന സാഹചര്യം സംജാതമാകുന്നതിനാൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത്തരം കുട്ടികളെ ബാലനീതി നിയമത്തിന്റെ ശ്രദ്ധയും പരിചരണവും ആവശ്യമായ ഗണത്തിൽ ഉൾപ്പെടുത്തി പരിഗണന നൽകേണ്ടതും ഈ കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവ മുൻനിർത്തി അടിയന്തര സഹായം നൽകേണ്ടതും ആവശ്യമാണ്. സർക്കാർ ഇക്കാര്യം പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.