ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ എന്നീ തുറമുഖങ്ങളിൽ യാഥാർഥ്യമാകുന്നത് മത്സ്യമേഖല കാലങ്ങളായി സ്വപ്നംകണ്ട വികസനം. കൊല്ലം പട്ടണത്തിന്റെയും തീരദേശമേഖലയുടെയും പുരോഗതിക്കും കൂടുതൽ തൊഴിലവസരങ്ങൾക്കും വഴിതുറക്കുന്ന വികസനപ്രവർത്തനങ്ങളാണ് തുറമുഖങ്ങളെ കാത്തിരിക്കുന്നത്. ശക്തികുളങ്ങരയിൽ 34.5 കോടിയുടെയും നീണ്ടകരയിൽ 10 കോടിയുടെയും വികസനമാണ് എത്തുന്നത്.
ശക്തികുളങ്ങരയിൽ പുതുതായി ഏറ്റെടുത്ത സ്ഥലത്തിനോട് ചേർന്ന് 80 മീറ്റർ നീളത്തിലും ഏഴ് മീറ്റർ വീതിയിലും റസ്‌ക്യൂ വാർഫും 1500 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ മെക്കനൈസ്‌ഡ് ഫിഷ് ഹാൻഡിലിങ് സൗകര്യങ്ങളോടെ ലേലഹാളും നിർമിക്കും.
100 പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന സംരംഭവും തുടങ്ങും. തൊട്ടടുത്ത് കല്ലുംപുറം ബോട്ട് ബിൽഡിങ് യാർഡിനോട് ചേർന്ന് ബോട്ട് നിർമാണശാല നിർമിക്കും. ഒന്നരമാസത്തിനുള്ളിൽ നിർമാണം ആരംഭിക്കും. ബോട്ടുകൾക്ക് ഇന്ധനം, വെള്ളം, ഐസ് എന്നിവ നിറയ്‌ക്കുന്നതിനുള്ള ഡിസാസ്റ്റർ ഷെൽട്ടറും 120 ടൺ ശേഷിയുള്ള ഐസ് പ്ലാന്റും സ്ഥാപിക്കും. നീണ്ടകരയിൽ വല നിർമാണശാല സ്ഥാപിക്കും.
മത്സ്യത്തൊഴിലാളികൾക്ക് വിശ്രമമുറി, ശുചിമുറി സമുച്ചയം, ജലസംഭരണി എന്നിവ നിർമിക്കും. ഹാർബറിന്റെ ശുചിത്വനിലവാരം മെച്ചപ്പെടുത്താനും തിരക്ക് നിയന്ത്രിക്കാനും പുതിയവികസനം വഴിയൊരുക്കും. മത്സ്യോൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്താനും കഴിയും. അഴീക്കൽ ഹാർബറിൽ വാർഫിന്റെ നീളമാണ് കൂട്ടുന്നത്. ഇത് ഒരേസമയം കൂടുതൽ മത്സ്യബന്ധന യാനങ്ങൾ ഹാർബറിലേക്ക് അടുപ്പിക്കുന്നതിനും കൂടുതൽ വിപണനത്തിനും സഹായിക്കും.
ഇവിടെ വാർഫിന്റെ നീളം കൂട്ടുന്ന പ്രവൃത്തി തുടങ്ങി. അഴീക്കലിൽ പുലിമുട്ടിന്റെ അറ്റകുറ്റപ്പണിയും നടക്കുന്നുണ്ട്. ഹാർബർ എൻജിനിയറിങ് വകുപ്പിനാണ് നിർമാണച്ചുമതല. ഹാർബർ വികസന പദ്ധതികളുടെ പ്രാരംഭനടപടികൾ വിലയിരുത്താൻ മന്ത്രി സജി ചെറിയാൻ വ്യാഴാഴ്‌ച ഹാർബറുകൾ സന്ദർശിച്ചിരുന്നു. ഡോ. സുജിത് വിജയൻപിള്ള എംഎൽഎ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായും മന്ത്രി ചർച്ചനടത്തി.