പുനഃസംഘടന: മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് മുൻഗണന നൽകണമെന്ന് കത്ത്

0
94

 

പുനഃസംഘടനയിൽ മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മുൻഗണന നൽകണമെന്ന് ആവശ്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് മുൻഭാരവാഹികൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് നിവേദനം നൽകി.

യൂത്ത് കോൺഗ്രസ്, കെ എസ് യു ഉൾപ്പടെയുള്ള പോഷക സംഘടനകളുടെ നേതൃസ്ഥാനങ്ങളിൽ പുതുമുഖങ്ങളെ നിയമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കെ പി സി സി പ്രസിഡന്റിന്റെ സ്ഥാനമേൽക്കൽ ചടങ്ങ് കുറച്ചുകൂടി ശ്രദ്ധിച്ച് നടത്തേണ്ടതായിരുന്നുവെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു. ആളുകളെ നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചു. കൊവിഡ് മാനദണ്ഡം ലംഘിച്ചാൽ കേസെടുക്കണം. കേസെടുത്തതിന് എതിരല്ല, പക്ഷേ ഏകപക്ഷിയമായി കേസെടുക്കരുതെന്നും വി ഡി സതീശൻ പറഞ്ഞു.

പാർട്ടിയിൽ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന ചെന്നിത്തലയുടെ പരാമർശത്തിലും വി.ഡി സതീശൻ മറുപടി നൽകി. വിശ്വസിച്ചവരെല്ലാം എല്ലാ പ്രതിസന്ധി ഘട്ടത്തിലും കൂടെയുണ്ടാവണമെന്നില്ല, അത് സാധാരണ കാര്യമാണെന്നാണ് സതീശൻ പറഞ്ഞത്. കൂടുതൽ കാര്യങ്ങൾ ചെന്നിത്തലയോട് തന്നെ ചോദിക്കണമെന്നും വി ഡി സതീശൻ വ്യക്തമാക്കി.