ഉത്തർപ്രദേശിൽ മദ്യ മാഫിയക്കെതിരെ വാർത്ത നൽകിയ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിൽ എ.ബി.പി ന്യൂസിൻെറ റിപ്പോർട്ടറായ സുലഭ് ശ്രീവാസ്തയാണ് മരിച്ചത്.
ജില്ലയിലെ മദ്യ മാഫിയകൾക്കെതിരെ ഇദ്ദേഹം കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു.ഇതിന് ശേഷം പലരും തന്നെ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് സുലഭ് പൊലീസിൽ പരാതി നൽകിയിരുന്നു.
അതേസമയം, ഇയാൾ മരിച്ചത് ബൈക്ക് അപകടത്തിലാണെന്നാണ് പൊലീസ് പറയുന്നത്. സുലഭ് ബൈക്കിൽ പോകുമ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നവത്രെ. ഇഷ്ടിക ചൂളക്കടുത്താണ് വീണത്. അവിടെയുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ തന്നെ സുഹൃത്തുക്കളെ അറിയിക്കുകയും ആംബുലൻസ് വിളിക്കുകയും ചെയ്തു.
തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പ്രതാപ്ഗഢിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സുരേന്ദ്ര ദ്വിവേദി പ്രസ്താവനയിൽ പറഞ്ഞു.