ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭം ഇന്ത്യക്ക് നേട്ടമോ?

0
7

ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭവും സംഘർഷവും ഇന്ത്യൻ വസ്ത്രവ്യാപാരികൾക്ക് ഗുണം ചെയ്തു. അമേരിക്കൻ ഇൻ്റർനാഷണൽ ട്രേഡ് കമ്മീഷൻ ബംഗ്ലാദേശിൽ നിന്നുള്ള വസ്ത്രങ്ങൾക്ക് പകരം ഇന്ത്യൻ വിപണിയെ വിശ്വസ്ത പങ്കാളിയായി കണക്കാക്കി. രാജ്യത്തെ രാഷ്ട്രീയ സ്ഥിരതയും വാണിജ്യ രംഗത്ത് കമ്പനികൾക്ക് നൽകുന്ന പ്രോത്സാഹനവും ആയാസരഹിതമായ ഉൽപ്പാദന വിതരണ പ്രക്രിയയും അമേരിക്കൻ ഏജൻസി ഇന്ത്യയുടെ മേന്‍മയായി പരിഗണിച്ചു.

രാജ്യത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന വസ്ത്രങ്ങളിൽ 80 ശതമാനവും ഇന്ത്യയിൽ തന്നെയാണ് വിറ്റഴിക്കപ്പെടുന്നത്. എന്നാൽ ഇനി ഉൽപ്പാദകർക്ക് കൂടുതൽ ഓർഡറുകൾ ലഭിച്ചേക്കും. എന്നാൽ ഇന്ത്യയിൽ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നും വിവരമുണ്ട്. ചെറിയ ഉൽപ്പാദന യൂണിറ്റുകളും ഉയർന്ന ഉൽപ്പാദന ചെലവുമാണ് വെല്ലുവിളി. ഒപ്പം ചരക്ക് ഗതാഗതത്തിലെ നൂലാമാലകൾ വേറെയും.

അതേസമയം ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഇന്തോനേഷ്യ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളുടെ ഗണത്തിലാണ് ഇന്ത്യയെ അമേരിക്കൻ ഏജൻസി പരിഗണിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ചൈനയ്ക്ക് കുത്തക മേധാവിത്തം ഉണ്ടായിരുന്ന സെക്ടറിൽ ഈ രാജ്യങ്ങൾ വൻ മുന്നേറ്റമാണ് കാഴ്ചവച്ചത്. അമേരിക്കയിലെ വസ്ത്ര വിപണിയുടെ 37.7 ശതമാനവും 2013ൽ ചൈനയ്ക്കായിരുന്നത്, 2023 ആയപ്പോഴേക്കും 21.3 ശതമാനമായി കുറഞ്ഞു. ഇന്ത്യയുടെ അമേരിക്കൻ വിപണിയിലെ സ്വാധീനം 4 ശതമാനത്തിൽ നിന്ന് 5.8 ആയി. വിയറ്റ്നാമിനാണ് വലിയ നേട്ടമുണ്ടാക്കാനായത്. അവർക്കിപ്പോൾ അമേരിക്കൻ വിപണിയിൽ 17.8 ശതമാനം വിഹിതമുണ്ട്.